തിരുവനന്തപുരം: നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റേത് രാഷ്ട്രീയ മര്യാദക്ക് നിരക്കാത്ത നിലപാടാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് കുത്തിതിരിപ്പ് പ്രസ്താവന നടത്തരുതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എറണാകുളത്ത് ദേശീയപാതയിലെ കുഴിയിൽ വീണ് ഹോട്ടൽ തൊഴിലാളി മരിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ വിഡി സതീശൻ വിമർശനം ഉന്നയിച്ചിരുന്നു. സാധാരണ ഗതിയില്‍ പ്രീ മണ്‍സൂര്‍ പീരിയഡില്‍ റോഡുകളില്‍ പണി നടക്കും. എന്നാല്‍ ഇത്തവണ അത് ഉണ്ടായിട്ടില്ലെന്നും സതീശൻ വിമർശനം ഉന്നയിച്ചിരുന്നു.
'വിഡി സതീശന്‍ വസ്തുത മനസിലാക്കി പ്രതികരിക്കണം': നെടുമ്പാശേരിയിലേത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് പറഞ്ഞ മുഹമ്മദ് റിയാസ് പ്രതിപക്ഷ നേതാവ് ഒരു മരണത്തെ പോലും സർക്കാരിനെതിരെ തിരിച്ചുവിടാൻ ശ്രമിക്കുന്നതായും ആരോപിച്ചു. പ്രതിപക്ഷ നേതാവിനെ പഠിപ്പിക്കാൻ താൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ അദ്ദേഹം വസ്തുതകൾ മനസിലാക്കി സംസാരിക്കണം.
ഏത് വകുപ്പിന്‍റെ റോഡ് ആണെങ്കിലും കുഴികൾ ഉണ്ടാകരുത്. കേരളം ഉണ്ടായ അന്ന് മുതൽ റോഡുകളിൽ കുഴിയുണ്ടെന്നും പറഞ്ഞ് കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഡിഎൽപി ബോർഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളിൽ നില മെച്ചപ്പെട്ടു. ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്വവും കേന്ദ്രത്തിനാണ്. ഈ റോഡുകളിൽ ഇടപെടുന്നതിന് പരിമിതി ഉണ്ട്.
വസ്തുതാപരമായാണ് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. പക്ഷേ പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞു. അവാസ്തവ പ്രസ്താവനകൾക്ക് മറുപടി നല്‍കാതിരിക്കാനാവില്ല. കായക്കുളം, ഹരിപ്പാട് എന്നിവിടങ്ങളിലൂടെ പോകുന്ന എന്‍ എച്ച് സംസ്ഥാന സർക്കാറിന്‍റേത് എന്ന പ്രതിപക്ഷ നേതാവിന്‍റെ വാദം അടിസ്ഥാന രഹിതമാണ്.
Also Read: റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം; കുഴികൾ അടയ്‌ക്കാൻ ഹൈക്കോടതി നിർദേശം
പ്രതിപക്ഷ നേതാവിന്‍റെ വാദങ്ങൾ സത്യത്തിന് നിരക്കാത്തതാണ്. സങ്കുചിത രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നു. കാലവര്‍ഷത്തിന് മുമ്പായുള്ള പ്രവർത്തികൾ നടത്തിയിട്ടില്ല എന്ന പ്രസ്താവന തെറ്റാണ്. ചരിത്രത്തിൽ ഇല്ലാത്തപോലെ 328 .16 കോടിമുടക്കി പ്രീ മണ്‍സൂണ്‍ പ്രവർത്തികൾ നടത്തി. തെറ്റായ പ്രവണതകൾ ഉള്ള ആരുടെയെങ്കിലും ഉപദേശം കേട്ട് തെറ്റായ പ്രസ്താവനകൾ നടത്തരുത്.
പരസ്‌പരം പോരാടിച്ചത് കൊണ്ട് കാര്യമില്ല. പ്രശ്‌നത്തിന് പരിഹാരമാണ് കാണേണ്ടത്. നെടുമ്പാശ്ശേരി വിഷയം വന്നപ്പോൾ വിഡി സതീശൻ സ്വീകരിക്കുന്ന നിലപാട് അല്ല ഹരിപ്പാട് കായംകുളം വിഷയത്തിൽ ചെന്നിത്തല സ്വീകരിച്ചത്. ദേശീയപാത അതോറിറ്റിക്കാണ് ഉത്തരവാദിത്തം എന്ന് മനസിലാക്കിത്തന്നെയാണ് ചെന്നിത്തല അന്ന് സർക്കാരിന് ഒപ്പം നിന്നതെന്നും മന്ത്രി പറഞ്ഞു.