തിരുവനന്തപുരം: സത്യഗ്രഹം അനുഷ്‌ഠിക്കുന്ന ലീഗ് എംഎൽഎ നിയമസഭയിൽ ഹാജർ രേഖപ്പെടുത്തി. സംസ്ഥാന ബജറ്റിൽ ഇന്ധനങ്ങൾക്ക് സെസ് ഏർപ്പെടുത്തിയത് അടക്കമുള്ള നികുതി വർധനവിനെതിരെ സത്യഗ്രഹം അനുഷ്‌ഠിക്കുന്ന മുസ്‌ലിം ലീഗ് എംഎൽഎ നജീബ് കാന്തപുരമാണ് ഇന്നലെ ഹാജർ രേഖപ്പെടുത്തിയത്. ഹാജർ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പീക്കർക്ക് എംഎൽഎ കത്ത് നൽകിയിട്ടുണ്ട്.
അബദ്ധത്തിൽ ഹാജർ രേഖപ്പെടുത്തിയതാണെന്നാണ് വിശദീകരണം. നിയമസഭയിൽ അംഗങ്ങൾക്ക് ഇപ്പോൾ ഇ സിഗ്നേച്ചറാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷത്തു നിന്നും ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി ആർ മഹേഷ്, നജീബ് കാന്തപുരം തുടങ്ങിയ എംഎൽഎമാരാണ് നിയമസഭ കവാടത്തിന് മുന്നിൽ സത്യഗ്രഹം അനുഷ്‌ഠിക്കുന്നത്.
സഭ നടപടികളിൽ പങ്കെടുക്കാതെയാണ് സത്യഗ്രഹ സമരം. ബജറ്റ് ചർച്ച ആരംഭിച്ച തിങ്കളാഴ്‌ച മുതലാണ് പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹം തുടങ്ങിയത്. ബജറ്റിലെ അധിക നികുതി നിർദേശങ്ങൾ പിൻവലിക്കുന്നത് വരെ സമരം എന്നാണ് പ്രതിപക്ഷ പ്രഖ്യാപനം. നിയമസഭയ്‌ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
ഇന്ന് ബജറ്റ് ചർച്ചയ്‌ക്ക് ധനമന്ത്രി മറുപടി പറയുമ്പോൾ നികുതി പരിഷ്‌കരണത്തിലെ സർക്കാർ നിലപാട് വ്യക്തമാകും. പെട്രോൾ ഡീസൽ എന്നിവയ്‌ക്ക് രണ്ട് രൂപയുടെ അധിക സെസാണ് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.