തിരുവനന്തപുരം : ജില്ലയിലെ അന്തർസംസ്ഥാന സർവീസുകൾ നടത്തുന്ന കോൺട്രാക്‌ട് കാര്യേജ് ബസ് ഓഫിസുകളിൽ മോട്ടോർ വാഹന വകുപ്പിന്‍റെ മിന്നൽ പരിശോധന. തമ്പാനൂർ അരിസ്റ്റോ ജങ്ഷനിലെ മെഗാ ടൂർസ് ആന്‍റ് ട്രാവൽസ് ഓഫിസിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്. ഈസ്റ്റർ, വിഷു, റംസാൻ ഉൾപ്പടെയുള്ള ഉത്സവങ്ങള്‍ പ്രമാണിച്ച് അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.
സ്പീഡ് ഗവർണറിലും ജിപിഎസിലും കൃത്രിമം കാണിച്ച് അമിത വേഗതയിൽ ഓടുന്ന കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവനന്തപുരം ആർടിഒ എൻഫോഴ്‌സ്മെന്‍റിലെ ഉദ്യോഗസ്ഥരായ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സൈജു, അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിജേഷ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
അമിത നിരക്ക് ഈടാക്കുന്ന അന്തർസംസ്ഥാന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർദേശം നൽകിയിരുന്നു. ഉത്സവ സീസണിലെ വാഹന പരിശോധനയ്ക്കായി സ്ക്വാഡ് രൂപീകരണത്തിനായി ട്രാൻസ്പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിൽ ഇന്നലെ പ്രത്യേക യോഗം ചേർന്നു. അവധിക്കാലവും ഉത്സവ സീസണുമായ സാഹചര്യത്തിൽ അധിക സർവീസ് നടത്താനും ഗതാഗത മന്ത്രി കെഎസ്ആർടിസിക്ക് നിർദേശം നൽകി.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി : സ്‌പീഡ് ഗവർണറിലും ജിപിഎസിലും കൃത്രിമം കാണിച്ച് അനുവദനീയമായതിലും അധികം സ്‌പീഡിൽ ഓടിക്കുന്ന കോൺട്രാക്‌ട് കാര്യേജ് വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രി മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. നിയമം ലംഘിച്ച് ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ട പൂർണ ഉത്തരവാദിത്വം ബസ് ഉടമകൾക്കാണെന്നും മന്ത്രി വ്യക്തമാക്കി.
ഈസ്റ്റർ, വിഷു, റംസാൻ പ്രമാണിച്ച് അന്തര്‍ സംസ്ഥാന യാത്രകളിൽ അമിത നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേര്‍ന്നത്. അതേസമയം സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. നേരത്തെ നൽകിയിരുന്ന സമയപരിധി മാർച്ച് 31 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ജൂൺ 30 വരെ നീട്ടി ഉത്തരവിറക്കിയത്. സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടം മൂലം ഉണ്ടാകുന്ന വാഹനാപകടങ്ങൾ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്.
നിലവിലെ തീരുമാനമനുസരിച്ച് സ്റ്റേജ് കാര്യേജുകൾക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്കും കോൺട്രാക്‌ട് കാര്യേജുകൾക്കും ക്യാമറകൾ നിർബന്ധമാക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നിലവാരമുള്ള ക്യാമറകളുടെ ദൗർലഭ്യമാണ് സമയപരിധി നീട്ടാൻ കാരണം.
പ്രതിഷേധിച്ച വനിത കണ്ടക്‌ടറെ സ്ഥലം മാറ്റി : അതേസമയം ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഡ്യൂട്ടിക്കിടെ ബാഡ്‌ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്‌ടർക്കെതിരെ മാനേജ്മെന്‍റിന്‍റെ പ്രതികാര നടപടി. വൈക്കം ഡിപ്പോയിലെ കണ്ടക്‌ടറായ അഖില എസ് നായരെ പാലായിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഡ്യൂട്ടിക്കിടെ ബാഡ്‌ജ് ധരിച്ച് പ്രതിഷേധിച്ച അഖിലയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ജനുവരി 11ന് വൈക്കം ഡിപ്പോയിൽ നിന്ന് രാവിലെ 8.30നുള്ള കലക്‌ടറേറ്റ് സർവീസിനിടെയാണ് അഖില ബാഡ്‌ജ് ധരിച്ച് പ്രതിഷേധിച്ചത്. 'ശമ്പള രഹിത സേവനം 44-ാം ദിവസം' എന്നാണ് ബാഡ്‌ജിൽ എഴുതിയിരുന്നത്. ഇതിന് പിന്നാലെയാണ് മാനേജ്മെന്‍റിന്‍റെ പ്രതികാര നടപടി.