തിരുവനന്തപുരം : ഇല്ലാത്ത അധികാരം ഉപയോഗിച്ച് ‘രാജാവ്’ ചമയാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനാധിപത്യത്തിന്‍റെ ബാലപാഠം പോലും മാനിക്കാതെയുള്ള നടപടിയാണ് ഗവർണറുടേത്. കേരളത്തിലെ ജനങ്ങൾക്ക് ധനമന്ത്രിയിലല്ല മറിച്ച് ഗവർണറിലാണ് പ്രീതി നഷ്‌ടപ്പെട്ടിരിക്കുന്നതെന്നും എം വി ഗോവിന്ദൻ പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.
ധനമന്ത്രിയിൽ ‘പ്രീതി’ നഷ്‌ടപ്പെട്ട ഗവർണറുടെ പ്രഖ്യാപനം ഭരണ അസ്ഥിരത സൃഷ്‌ടിക്കാനുള്ള ഇടങ്കോലിടലാണ്. മന്ത്രിയെ പുറത്താക്കണമെന്നാണ് ഗവർണർ പറയുന്നത്. എന്നാൽ, അതിനുള്ള ഭരണഘടനാപരമായ അധികാരം മുഖ്യമന്ത്രിക്കാണ്. ബിജെപിയുടെയും ആർഎസ്‌എസിന്‍റെയും നിർദേശാനുസരണമാണ് പ്രവർത്തിക്കുന്നതെന്ന് തുറന്നുപറയാൻ ഒരു മടിയുമില്ലാത്തയാളാണ് ഗവർണർ.
ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിനെ സ്വകാര്യവസതിയിൽ ചെന്നുകാണാനും നിഷ്‌പക്ഷതയുടെ മൂടുപടം അണിയുന്ന ആരിഫ് മുഹമ്മദ് ഖാന് മടിയുണ്ടായില്ല. ഈ കൂടിക്കാഴ്‌ചയ്‌ക്കുശേഷമാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഇടപെടാൻ ഗവർണർ തിടുക്കം കാട്ടുന്നത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ കാവിയണിയിക്കാനാണ് വിസിമാരെ പുറത്താക്കാനുള്ള നടപടിക്ക് ഗവർണർ തുടക്കമിട്ടിട്ടുള്ളത്.
വിസിമാര്‍ക്കെതിരായ ഗവർണറുടെ നടപടിയെ ന്യായീകരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെയും എം വി ഗോവിന്ദൻ വിമർശിച്ചു. 'ആർഎസ്‌എസിന്‍റെ പ്രത്യയശാസ്‌ത്ര അടിത്തറ വിപുലമാക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ച ഗോൾവാൾക്കറുടെ ചിത്രത്തിനുമുമ്പിൽ കുനിഞ്ഞുനിന്ന് വിളക്കുകൊളുത്തി ആർഎസ്‌എസ് പരിപാടിയിൽ പങ്കെടുത്ത മാന്യദേഹമാണ് പ്രതിപക്ഷ നേതാവ്. ബിജെപിയിൽ പോകാനും മടിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാവാണ് കെ സുധാകരൻ.
അടുത്തിടെ ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ ബിജെപി നേതാക്കൾ തന്നെ ബന്ധപ്പെട്ടതായി സുധാകരൻ തന്നെ വെളിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്' - എം വി ഗോവിന്ദൻ കുറിച്ചു. സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്ന ഗവർണർക്കും അതിനെ പിന്തുണയ്‌ക്കുന്ന കോൺഗ്രസ് നേതൃത്വത്തിനുമെതിരെ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പുരോഗമന ജനാധിപത്യ മതനിരപേക്ഷ സമൂഹവും ശക്തമായ പ്രക്ഷോഭം തന്നെ ഉയർത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കി.