തിരുവനന്തപുരം: മന്ത്രി വി.അബ്‌ദുറഹിമാന്‍റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന വിവാദ പരാമര്‍ശത്തില്‍ ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പേര് ചേർത്ത് വർഗീയത പറഞ്ഞത് വികൃതമായ മനസാണ് പ്രകടിപ്പിച്ചത്. വൈദികനെന്ന നിലയിൽ ഇട്ടിരിക്കുന്ന വസ്‌ത്രത്തിന്‍റെ മാന്യത പോലും ഇല്ലാതെയാണ് വർഗീയത പറയുന്നതെന്നും ഇതിനെ നാക്ക് പിഴയായി കാണാനാകില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
'വിഴിഞ്ഞം സമരത്തിന്‍റെ പേരിൽ നടക്കുന്നത് കലാപശ്രമമാണ്. പൊലീസ് സ്റ്റേഷന് നേരെ നടന്ന ആക്രമണം യാദൃശ്ചികമല്ല. ആസൂത്രണം ചെയ്‌തത് വ്യക്തമായി നടപ്പിലാക്കിയതാണ്.
അതിനു പിന്നിൽ ഗൂഢലക്ഷ്യമാണുള്ളത്. സമരം ഒരിക്കലും തീർന്നു കൂടാന്ന് ചിന്തിക്കുന്ന ചിലരാണ് കലാപമുണ്ടാക്കിയത്. ഇവർ ആരൊക്കെയാണെന്ന് സംസ്ഥാന സർക്കാർ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആക്രമണത്തിനു പിന്നിൽ ആരാണോ ഉത്തരവാദി അവർക്കെതിരെ കേസെടുക്കും. അവരെ അറസ്റ്റ് ചെയ്യുക തന്നെ ചെയ്യും. കേന്ദ്രസേന എത്തുന്നതിനെ എതിർക്കേണ്ട കാര്യമില്ല. വ്യവസായങ്ങളുടെ സംരക്ഷണത്തിനാണ് കേന്ദ്രസേനയെത്തുന്നത്'.
ക്രമസമാധാന പാലനത്തിനല്ലെ. അതിന് പൊലീസ് തന്നെ മതിയാകും. പ്രതിഷേധം ഉണ്ടായാലും ഇല്ലെങ്കിലും വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും' എം.വി.ഗോവിന്ദൻ വ്യക്തമാക്കി.