തിരുവനന്തപുരം : കേരളത്തിലെ സാമ്പത്തിക കാര്യത്തെ കുറിച്ച് റിപ്പോർട്ട് തേടിയ ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (MV Govindan against Governor for seeking explanation in financial emergency). ഗവർണറുടെ നടപടി തീക്കളിയാണെന്നും ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകുന്നത് ഭരണപരമായ തീരുമാനമെന്നും സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പിലാക്കാൻ ശ്രമിക്കുന്നതിനെ രാഷ്ട്രീയമായി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു (MV Govindan against Governor Arif Mohammad Khan).
നിയമസഭയുടെ പ്രവർത്തനം തടസപ്പെടുത്തുന്ന രീതിയിൽ ഗവർണർക്ക് ഇടപെടാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ശ്രമിക്കുന്നതോടെ പുതിയ നിയമം കൊണ്ട് വരാൻ ശ്രമിക്കുകയാണ്. ബിജെപിയുടെ ഏജന്‍റായി പ്രവർത്തിക്കുന്ന ഗവർണർ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനും കേന്ദ്രം സൃഷ്‌ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറയാക്കിയും കേരളത്തിലെ ഭരണത്തിൽ ഇടപെടാൻ ശ്രമിക്കുകയാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.
കാലിക്കറ്റ്, കേരള യൂണിവേഴ്‌സിറ്റിയിൽ ബിജെപി അംഗങ്ങളെ സെനറ്റിലേക്ക് നിയമിക്കുന്നു. യോഗ്യത പോലുമില്ല സജീവ ആർഎസ്എസ് പ്രവർത്തകരെയാണ് നിയമിക്കുന്നത്. ആർഎസ്എസ് മേധാവിയെ അങ്ങോട്ട് പോയി കണ്ട ഗവർണറിൽ നിന്ന് ഇതിനപ്പുറവും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളാവുന്ന തട്ടിപ്പ് വർധിക്കുന്നുവെന്നും എന്നാൽ കോൺഗ്രസ് നേതാക്കൾ അതിനെ സംരക്ഷിക്കുന്ന നിലപാട് എടുക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.