തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ സർവകലാശാലകളെയും അതുവഴി ഉന്നതവിദ്യാഭ്യാസ മേഖലയെയും തകർക്കാനുള്ള കേന്ദ്രത്തിന്‍റെ ഉപകരണമാകുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കേന്ദ്രത്തിന്‍റെ തെറ്റായ നയങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഗവർണര്‍മാരെ ഉപയോഗിച്ചുകൊണ്ടാണെന്നും അദ്ദേഹം പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കി. ഗവർണറുടെ അനാവശ്യമായ ഇടപെടലിനെതിരായ സമരമല്ല മറിച്ച് കേന്ദ്രത്തിന്‍റെ തെറ്റായ നയങ്ങൾക്കെതിരായ പ്രതിഷേധംകൂടിയാണ് രാജ്‌ഭവന് മുൻപിൽ ഉയർന്നത്.
വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കാനുള്ള ആർഎസ്‌എസ് അജൻഡ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന സന്ദേശമാണ് ചൊവ്വാഴ്‌ച(15-11-2022) രാജ്‌ഭവന് മുമ്പിൽ തടിച്ചുകൂടിയ വൻജനാവലി നൽകുന്നത്. ആർഎസ്‌എസ് വിഭാവനം ചെയ്യുന്ന തീവ്രഹിന്ദുത്വത്തിന് മേൽക്കൈ നേടിക്കൊടുക്കുകയും ഇന്ത്യയുടെ വൈവിധ്യത്തെ തകർക്കുകയും പുതിയ വിദ്യാഭ്യാസനയത്തിന്‍റെ ലക്ഷ്യങ്ങളാണ്. ഈ തെറ്റായ നയം നടപ്പാക്കുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കുകയും ഗവർണറുടെ ലക്ഷ്യമായിരിക്കാമെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
ആർഎസ്‌എസിന്‍റെ മുദ്രാവാക്യമായ ‘ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ’ എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യയെ മാറ്റിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് മോദി സർക്കാർ. ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള 22 ഭാഷയേയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ഹിന്ദിക്കു മാത്രം മുൻഗണന നൽകുന്നത് അംഗീകരിക്കാനാകില്ല. രാജ്യത്തിലെ വൈവിധ്യങ്ങളെ അംഗീകരിക്കാതെ എല്ലാം ഹിന്ദുത്വവൽകരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും എം.വി ഗോവിന്ദൻ ലേഖനത്തിൽ കുറ്റപ്പെടുത്തി.