തിരുവനന്തപുരം : ബിജെപിയുടെ സോഷ്യൽ എൻജിനീയറിങ് കേരളത്തിൽ ഫലപ്രദമാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബിജെപി. റബ്ബറിന്‍റെ വില മാത്രമല്ല ഇവിടുത്തെ പ്രശ്‌നമെന്നും മതനിരപേക്ഷ ഉള്ളടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
റബ്ബറിന്‍റെ വില 300 രൂപയാക്കുന്ന സർക്കാരിനെ പിന്തുണയ്ക്കുമെന്നും ബിജെപിക്ക് കേരളത്തിൽ എംപി ഇല്ലെന്ന പ്രശ്‌നം പരിഹരിക്കുമെന്നുമായിരുന്നു തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്‌താവന. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തലശേരി ആർച്ച് ബിഷപ്പ് ഏത് അവസരത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ക്രിസ്‌ത്യൻ മുസ്ലിം ന്യൂനപക്ഷങ്ങളെയും ഹിന്ദു ഭൂരിപക്ഷത്തേയും കൂടെ നിർത്താൻ ഉള്ള നീക്കം ഭരണവർഗം നടത്തുന്നുണ്ട്. എന്നാല്‍ രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ ആർഎസ്എസിനാൽ ക്രിസ്‌തീയർ അനുഭവിക്കുന്ന പ്രശ്‌നത്തെ കുറിച്ച് പ്രതിഷേധിക്കാൻ ആ മത വിഭാഗത്തിലെ സംഘടനകൾ തന്നെയാണ് ജന്തർമന്തറിൽ ഒരുമിച്ചുകൂടിയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
എന്നാൽ ഇന്നലെ പറഞ്ഞത് ബോധപൂർവം ആണെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ മനസിലാക്കുന്നുണ്ടെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പ്രതികരിച്ചു. എന്നാല്‍ കർഷകരുടെ വേദന മനസിലാക്കുകയെന്നത് പ്രധാനമാണ്. കർഷകർക്കൊപ്പമണ് നിലയുറപ്പിക്കുന്നത്. താന്‍ പറഞ്ഞത് സഭയുടെ തീരുമാനമല്ല. മലയോര കുടിയേറ്റ കർഷകരുടെ വികാരമാണെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
ഇന്നലെ കണ്ണൂരില്‍ നടന്ന മലയോര കുടിയേറ്റ കർഷക ജാഥയുടെ സമാപന വേദിയിലായിരുന്നു ആർച്ച് ബിഷപ്പ് പാംപ്ലാനിയുടെ ബിജെപി അനുകൂല പ്രസ്‌താവന.
കെ കെ രമയുടെ കയ്യിലെ പരിക്കിൽ അഭിപ്രായമില്ല : കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന ഭരണ - പ്രതിപക്ഷ ഏറ്റുമുട്ടലിൽ പരിക്കേറ്റെന്ന കെ കെ രമയുടെ ആരോപണത്തിൽ ഒന്നും പറയാനില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. കൈയ്‌ക്ക് പരിക്കുണ്ടോ ഇല്ലയോ എന്ന് തനിക്കറിയില്ലെന്നും അത് കണ്ടെത്താൻ ഇന്ന് എല്ലാ സൗകര്യങ്ങളും ലഭ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ തെറ്റായ ആരോപണങ്ങൾ ഉണ്ടെങ്കിൽ പാർട്ടി ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
also read: 'കേരളം കണ്ട വലിയ വെള്ളാന, കേരള ലോകായുക്ത കർണാടക ലോകായുക്തയെ മാതൃകയാക്കണം'; കെ സുധാകരൻ
സച്ചിൻ ദേവ് എംഎൽഎ തനിക്കെതിരെ തെറ്റായ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങൾ വഴി നടത്തുന്നുണ്ടെന്ന് കെ കെ രമ സൈബർ സെല്ലിനും സ്‌പീക്കർക്കും പരാതി നൽകിയിരുന്നു. കെ കെ രമയുടെ കയ്യിലെ പരിക്ക് വ്യാജമാണെന്ന് പറഞ്ഞുകൊണ്ടാണ് സച്ചിൻ ദേവ് എംഎൽഎ സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റിട്ടത്. ഇതേ തുടർന്ന് ഇടത് പ്രൊഫൈലുകളിൽ നിന്ന് കെ കെ രമയ്‌ക്ക് നേരെ സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്.