തിരുവനന്തപുരം : മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകിയ ഉദ്യോഗസ്ഥയോട് അവധിയിൽ പോകാൻ നിർദേശിച്ചതായി സൂചന. റവന്യൂ വിഭാഗത്തിലെ അണ്ടർ സെക്രട്ടറിയായ ഉദ്യോഗസ്ഥയോടാണ് അവധിയിൽ പോകാൻ ആവശ്യപ്പെട്ടത്. മരംമുറിയുമായി ബന്ധപ്പെട്ട നോട്ട് ഫയലിന്‍റെയും കറന്‍റ് ഫയലിന്‍റെയും രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകിയത് ഈ ഉദ്യോഗസ്ഥയാണ്.
നിര്‍ദേശം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടേത്
ഇവ മാധ്യമങ്ങളിൽ വന്നതിന് പിന്നാലെയാണ് നടപടി. മരംമുറി ഫയൽ കൈകാര്യം ചെയ്ത റവന്യൂ വകുപ്പിലെ ജോയിന്‍റ് സെക്രട്ടറിയായ ഉദ്യോഗസ്ഥയോടും അവധിയിൽ പോകാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചതായും സൂചനയുണ്ട്.
ALSO READ: കൈകോർത്ത് മലയാളി; മുഹമ്മദിനായി ഒഴുകിയെത്തിയത് 18 കോടി
ഈ ജോയിന്‍റ് സെക്രട്ടറിയാണ് മരം മുറിക്കാൻ അനുവാദം നൽകാനുള്ള സർക്കാർ നീക്കം ക്രമവിരുദ്ധമായി ഫയലിൽ എഴുതിയത്.
'മോദിയുടേതിന് സമാനം പിണറായിയുടെ ഭരണം'
ഇതിനെ മറികടന്നാണ് ഉത്തരവിറക്കാൻ റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരൻ നിർദേശം നൽകിയത്. ഉദ്യോസ്ഥർക്കെതിരെയുള്ള പ്രതികാര നടപടി ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മോദിയുടെ ഭരണം പോലെയാണ് പിണറായിയുടെ ഭരണം. കേസിൽ മുൻ റവന്യൂ മന്ത്രിയേയും മുന്‍ വനം മന്ത്രിയേയും ചോദ്യം ചെയ്യണമെന്നും സതീശൻ ആവശ്യപ്പെട്ടു.