തിരുവനന്തപുരം : മുതലപ്പൊഴിയിൽ വീണ്ടും അപകടം. നാല് മത്സ്യത്തൊഴിലാളികളുമായി പോയ വള്ളം തലകീഴായി മറിയുകയായിരുന്നു. കടലിൽ പോയി തിരികെ വരുമ്പോള്‍ ഇന്ന് പുലർച്ചെയാണ് അപകടം. ബോട്ടിൽ ഉണ്ടായിരുന്ന നാലുപേരും നീന്തി രക്ഷപ്പെട്ടു.
ശക്തമായ തിരയടിയിൽ സെന്‍റ് പീറ്റേഴ്‌സ് എന്ന വള്ളമാണ് മറിഞ്ഞത്. മണികണ്‌ഠൻ, ജോസ്ഫ്രിൻ, ജസ്റ്റിൻ, ജോർജ് എന്നിവരാണ് അപകടത്തിൽപ്പെട്ട വള്ളത്തിൽ ഉണ്ടായിരുന്നത്. മറ്റ് മത്സ്യത്തൊഴിലാളികൾ ചേർന്നാണ് അപകടത്തിൽപ്പെട്ട വള്ളം കരയ്ക്ക് എത്തിച്ചത്.
പ്രദേശത്ത് വള്ളം മറിഞ്ഞുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഈ മാസം മൂന്നിനാണ് വർക്കല സ്വദേശികളായ 16 പേർ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടം ഉണ്ടായത്. വർക്കല സ്വദേശി നൗഷാദിന്‍റെ ഉടമസ്ഥതയിലുള്ള ബുറാഖ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ മത്സ്യബന്ധനത്തിനായി പുറപ്പെട്ട വള്ളം ശക്തമായ തിരയടിയിൽ മറിയുകയായിരുന്നു. മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്‍റും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ മാസം 22, 30, 31 തീയതികളിലും മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം ഉണ്ടായിരുന്നു. മത്സ്യബന്ധന വള്ളം ശക്തമായ തിരയിൽപ്പെട്ട് നിയന്ത്രണം വിട്ടാണ് ജൂലൈ 22ന് അപകടം ഉണ്ടായത്. രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന അഭി, മൊയ്‌തീന്‍ എന്നിവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ വള്ളത്തിൽ നിന്ന് അഭി കടലിലേക്ക് വീണിരുന്നു. ഇയാൾ നീന്തി കരയിലേക്ക് കയറിയാണ് രക്ഷപ്പെട്ടത്. സംഭവം നടക്കുമ്പോൾ സമീപത്ത് മറ്റ് വള്ളങ്ങൾ ഉണ്ടായിരുന്നതാണ് അപകടത്തിന്‍റെ ആഘാതം കുറച്ചത്. അഭിയേയും മൊയ്‌തീനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
യുദ്ധകാലാടിസ്ഥാനത്തില്‍ ഡ്രെഡ്‌ജിങ് : മുതലപ്പൊഴിയില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പാറകള്‍ നീക്കി തുടങ്ങിയിരുന്നു. ലോങ് ബൂം ക്രെയിനുകള്‍ എത്തിച്ചാണ് നടപടികള്‍. മത്സ്യബന്ധന ബോട്ടുകൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയായതോടെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് നടപടി വേഗത്തിലാക്കാൻ തീരുമാനമായത്. ജൂലൈ 31ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്‍റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് മുതലപ്പൊഴിയില്‍ ഡ്രെഡ്‌ജിങ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാമെന്ന് അദാനി പോര്‍ട്ട് പ്രതിനിധികള്‍ സര്‍ക്കാരിന് ഉറപ്പ് നൽകിയത്.
യുദ്ധകാലാടിസ്ഥാനത്തില്‍ ഡ്രെഡ്‌ജിങ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് താക്കീത് നൽകിയിരുന്നു. മഴക്കാലമായതുകൊണ്ടാണ് ഡ്രെഡ്‌ജര്‍ പ്രദേശത്ത് എത്തിക്കാന്‍ കഴിയാത്തതെന്നും, അതിനാലാണ് വൈകിയതെന്നുമായിരുന്നു യോഗത്തില്‍ അദാനി ഗ്രൂപ്പ് നൽകിയ വിശദീകരണം.
ALSO RAED : മുതലപ്പൊഴിയില്‍ ഇന്ന് മുതല്‍ ഡ്രെഡ്‌ജിങ് ; യുദ്ധകാലാടിസ്ഥാനത്തില്‍ പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പിന് സർക്കാർ നിർദേശം
എംഒയു പ്രകാരം 2024 വരെ മുതലപ്പൊഴി ഹാര്‍ബറില്‍ ഡ്രെഡ്‌ജിങ് നടത്താനുള്ള ചുമതല അദാനി ഗ്രൂപ്പിനാണ്. എന്നാല്‍ മണ്‍സൂണ്‍ ആരംഭിച്ചതോടെ അദാനി ഗ്രൂപ്പ് താത്കാലികമായി ഡ്രെഡ്‌ജിങ് നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇതിന് പുറമെ മുതലപ്പൊഴിയില്‍ 120 മീറ്ററോളം പുലിമുട്ട് തകര്‍ന്ന് പാറകള്‍ കൂടിക്കിടക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാണ്. ഇതും നീക്കം ചെയ്‌ത് തുടങ്ങിയിട്ടുണ്ട്.