തിരുവനന്തപുരം: 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് അധികാരത്തിലെത്താനാകാതെ പോയത് പ്രബല ഘടകകക്ഷിയായ മുസ്‌ലിംലീഗിനെ ആദ്യമൊന്ന് അമ്പരപ്പിച്ചിട്ടുണ്ടാകാമെങ്കിലും, ഈ വീഴ്‌ച അവസരമാക്കാമെന്ന ആപ്‌തവാക്യം പ്രാവര്‍ത്തികമാക്കാനൊരുങ്ങുകയാണ് വടക്കന്‍ കേരളത്തില്‍ ശക്തമായ വേരോട്ടമുള്ള മുസ്‌ലിംലീഗ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിനൊപ്പം നിലയുറപ്പിക്കുമ്പോഴും തുടര്‍ഭരണം നേടി സംസ്ഥാന ഭരണത്തിന് ചുക്കാന്‍ പിടിക്കുന്ന സിപിഎമ്മിലേക്കുള്ള വാതില്‍ താഴിടാതെ ചാരുന്ന നയതന്ത്രം.
രണ്ടാം പിണറായി സര്‍ക്കാര്‍ എന്നത് മുസ്‌ലിംലീഗ് നേതൃത്വത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു എന്നത് യാഥാര്‍ത്ഥ്യമായിരുന്നു. മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്‍റെ പിടിപ്പുകേടായിരുന്നു ഇതിന് പിന്നിലെന്ന ശക്തമായ വിലയിരുത്തലും ലീഗിലുണ്ടായി. അധികാരമില്ലാത്ത 10 വര്‍ഷങ്ങള്‍ എന്നത് 1980 ന് ശേഷം ലീഗിനെ സംബന്ധിച്ച് അചിന്ത്യമായ ആദ്യാനുഭവമായി(Muslim League Pressuring Congress Without Giving Proper Responses To CPM Invitations).
ലീഗും സിപിഎം ഗുഡ്‌ബുക്കും: 2021 മാറിയപ്പോള്‍ എന്തിന് ഈ സിപിഎം വിരോധം എന്ന ചിന്ത ലീഗിന്‍റെ ചില കോണുകളിലെങ്കിലുമുണ്ടായി എന്നത് നേരാണ്. ലീഗിനുള്ളിലെ ഇത്തരം അടക്കംപറച്ചിലുകള്‍ സിപിഎമ്മിലെത്തുക സ്വാഭാവികം. കോടിയേരി ബാലകൃഷ്‌ണന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നു രണ്ടാം പിണറായി ഭരണകാലത്ത് ലീഗ്, സിപിഎമ്മിന്‍റെ ഗുഡ് ബുക്കില്‍ പലപ്പോഴും ഇടം ലഭിച്ചത് ഈ അടക്കംപറച്ചിലുകള്‍ സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എന്നത് വ്യക്തം.
മാത്രമല്ല, കോണ്‍ഗ്രസിനെ സംഘപരിവാറുമായി ബന്ധപ്പെടുത്തി ലീഗ് അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമവും അക്കാലത്തുണ്ടായി. രമേശ് ചെന്നിത്തലയുടെ പിതാവിന്‍റെ ആര്‍എസ്എസ് ബന്ധമെല്ലാം അക്കാലത്ത് സിപിഎം ചര്‍ച്ചയാക്കിയത് ഇതുകണ്ടാണ്. 2022 ഏപ്രില്‍ മാസത്തില്‍ കണ്ണൂരില്‍ നടന്ന സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സിപിഎം നേതാക്കള്‍ നടത്തിയ പ്രസ്‌താവനകളിലുടനീളം കേരളത്തില്‍ കോണ്‍ഗ്രസിന് ഭരണം കിട്ടുന്നത് മുസ്‌ലിംലീഗ് മുന്നണിയിലുള്ളത് കൊണ്ടാണെന്നും ലീഗ് പോയാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്നും ആവര്‍ത്തിച്ചു കൊണ്ടിരുന്നു.
ലീഗിന് സ്വന്തമായി ജയിക്കാവുന്ന മണ്ഡലങ്ങള്‍ കേരളത്തിലുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസിന് സ്വന്തമായി ജയിക്കാവുന്ന ഒരു മണ്ഡലം പോലും കേരളത്തിലില്ലെന്നും സിപിഎം നേതാക്കള്‍ ലീഗിന് തുടര്‍ച്ചയായി താമ്ര പത്രം നല്‍കുന്ന തിരക്കിലായിരുന്നു. (എന്നാല്‍ തൃക്കാക്കര, പുതുപ്പള്ളി മണ്ഡലങ്ങളില്‍ ലീഗിന്‍റെ ഒരു സഹായവുമില്ലാതെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത് എന്നത് വേറെ കാര്യം)
സമ്മര്‍ദ്ദങ്ങള്‍ ആസ്വദിച്ച്: ഇത്രയേറെ പ്രശംസ ഏറ്റുവാങ്ങിയിട്ടും ലീഗ് നേതാക്കള്‍ ഇതിനെതിരെ ഒരക്ഷരം ഉരിയാടുന്നതിന് പകരം സിപിഎം പുകഴ്ത്തല്‍ ആസ്വദിക്കുകയായിരുന്നു. ഇവിടെയും പ്രതിസന്ധിയിലായത് കോണ്‍ഗ്രസ് നേതൃത്വമായിരുന്നു. അടുത്തിടെ ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട്ട് നടത്തിയ സംഗമ വേദിയാണ് മറ്റൊരു സംഭവം. ആ റാലിയിലേക്ക് ലീഗിന് ക്ഷണമുണ്ടായപ്പോള്‍ ഒന്നും നോക്കാതെ ഞങ്ങള്‍ റാലിയിലേക്കില്ലെന്ന് പറയാന്‍ ലീഗ് നേതൃത്വം തയ്യാറായില്ല. ഒടുവില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കാലുപിടിച്ചാണ് ലീഗിനെ ആ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്.
പിന്നാലെ പലസ്‌തീന്‍ വിഷയവുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വം കോഴിക്കോട് കടപ്പുറത്ത് നടത്തിയ റാലി ആയുധമാക്കി കോണ്‍ഗ്രസ് നേതൃത്വത്തില്‍ അലോസമരമുണ്ടാക്കാനുള്ള ശ്രമവും ലീഗിന്‍റെ ഭാഗത്തു നിന്നുണ്ടായി. മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളെയും തഴഞ്ഞ് ശശി തരൂരിനെ റാലിയില്‍ പങ്കെടുപ്പിക്കാനാണ് ലീഗ് ശ്രമിച്ചത്. ഇത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനേറ്റ അപമാനമായിട്ടും ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ് നിശബ്‌ദത പാലിക്കുകയായിരുന്നു.
റാലിയും അനുസ്‌മരണവും പിന്നെ ലീഗും: തുടര്‍ന്ന് കോഴിക്കോട്ട് സിപിഎം നവംബര്‍ 11 ന് സംഘടിപ്പിച്ച പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സിപിഎമ്മിനെ ക്ഷണിക്കുമെന്ന് പ്രഖ്യാപിച്ച ഉടനെ പൊന്നാനി എംപി ഇടി മുഹമ്മദ് ബഷീര്‍ റാലിയില്‍ തങ്ങള്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അവിടെയും കോണ്‍ഗ്രസ് നേതൃത്വത്തിന് റാലിയില്‍ പങ്കെടുക്കാതിരിക്കാന്‍ ലീഗിന്‍റെ കാലുപിടിക്കേണ്ടി വന്നു. പിന്നാലെയാണ് കണ്ണൂരില്‍ സിപിഎം സംഘടിപ്പിച്ച എംവി രാഘവന്‍ അനുസ്‌മരണ യോഗത്തിലേക്ക് കുഞ്ഞാലിക്കുട്ടിക്ക് ക്ഷണം.
അവിടെയും താനില്ലെന്ന് പറയുന്നതിന് പകരം കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ യാചനയ്ക്കായി കാത്തിരുന്ന ശേഷമാണ് യുഡിഎഫ് നിയമസഭ കക്ഷി ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി സമ്മേളനത്തില്‍ നിന്ന് പിന്‍വാങ്ങിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസും യുഡിഎഫും ശക്തമായ എതിര്‍പ്പുയര്‍ത്തിയ കേരള ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുസ്‌ലിംലീഗ് എംഎല്‍എ പികെ അബ്‌ദുള്‍ ഹമീദിനെ പിണറായി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്‌തിരിക്കുന്നത്.
വല നെയ്‌ത് സിപിഎം: മലപ്പുറം ജില്ല സഹകരണ ബാങ്ക് മുസ്‌ലിംലീഗിന്‍റേതാണ്. എന്നാല്‍ ഇതുവരെയും കേരള ബാങ്കില്‍ ലയിക്കാതെ ഇപ്പോഴും ജില്ല സഹകരണ ബാങ്കായി തുടരുന്നത് സംബന്ധിച്ച കേസ് തുടരുന്നതിനിടെയാണ് മലപ്പുറത്ത് നിന്നുള്ള ലീഗ് എംഎല്‍എ കേരള ബാങ്കിന്‍റെ ഡയറക്‌ടര്‍ ബോര്‍ഡിലെത്തുന്നത് എന്നത് ശ്രദ്ധേയവുമാണ്. ഇവിടെ സിപിഎം ഭരണസ്വാധീനം ഉപയോഗിച്ചുള്ള തന്ത്രം പ്രയോഗിക്കുമ്പോള്‍ സംഘടന ദൗര്‍ബല്യങ്ങളാല്‍ പിടയുകയാണ് കോണ്‍ഗ്രസ്. ഇത് മനസിലാക്കിയുള്ള നീക്കങ്ങളാണ് ലീഗും കളിക്കുന്നത്.
ലക്ഷ്യം വിലപേശലോ?: ഇതൊന്നും ലീഗിന്‍റെ രാഷ്ട്രീയ ചാഞ്ചാട്ടത്തിനിടയാക്കില്ലെങ്കിലും ഇത് ലീഗിനൊരവസരമാണ്. അത് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍വയ്ക്കുകയാണ് ലീഗ്. ഒരുകാലത്ത് കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഇന്ത്യ ഭരിച്ചിരുന്നു എന്നതിന്‍റെ പേരിലാണ് ലീഗ് പാര്‍ലമെന്‍റില്‍ രണ്ട് സീറ്റിലേക്ക് ചുരുങ്ങാന്‍ തയ്യാറായത്. എന്നാല്‍ ഇന്ന് സാഹചര്യം വ്യത്യസ്‌തമാണ്.
അതിനാല്‍ ഇതെല്ലാം കണക്കിലെടുത്ത് വടകര, കാസര്‍ഗോഡ്, കോഴിക്കോട് ലോക്‌സഭ മണ്ഡലങ്ങളിലൊന്ന് തന്നെയാണ് മുസ്‌ലിംലീഗ് ലക്ഷ്യംവയ്ക്കുന്നതെന്നത് വ്യക്തമാണ്. ഭരണം കൂടി നഷ്‌ടമായ സാഹചര്യത്തിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും കോണ്‍ഗ്രസ് ഇക്കാര്യം പരിഗണിക്കാന്‍ നിര്‍ബന്ധിതമാകും എന്ന പ്രതീക്ഷയില്‍ തന്നെയാണ് ലീഗ് സംസ്ഥാന നേതൃത്വം.
Also Read: കേരള ബാങ്കില്‍ ലീഗിനെന്ത് കാര്യം; ലീഗിനെ പാട്ടിലാക്കാനുള്ള ഇടതു തന്ത്രം ഫലം കാണുമോ?