തിരുവനന്തപുരം: കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. മാരായമുട്ടം സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് പേരുങ്കടവിള പുനയുക്കോണത്ത് വച്ച് ടിപ്പറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.
രഞ്ജിത്ത് ഓടിച്ചിരുന്ന ബൈക്കിലേക്ക് ടിപ്പര്‍ ഇടിച്ച് കയറുകയായിരുന്നു. രഞ്ജിത്തിന്‍റെ ബൈക്കില്‍ ഇടിച്ച ശേഷം ടിപ്പര്‍ ഒരു കാറിലും ഒംനി വാനിലും ഇടിച്ചു. രഞ്ജിത്തിന്‍റെ സുഹൃത്തായ ശരത് ആയിരുന്നു ടിപ്പര്‍ ഓടിച്ചിരുന്നത്. കഴിഞ്ഞ ദിവസം പള്ളിയില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.
അപകടം കൊലപാതകമാണോ എന്ന തരത്തിലും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഉടന്‍ വ്യക്തത വരുമെന്നുമാണ് മാരായമുട്ടം പെലീസ് നല്‍കുന്ന വിവരം.
2014 ൽ ഇടവഴിക്കര ജോസിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് രഞ്ജിത്ത്. ഇയാളുടെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്.