തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിശ്വാസികളോടുള്ള സമീപനത്തില്‍ മാറ്റമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം സിപിഎമ്മില്‍ നിലനില്‍ക്കുന്ന ആശയ പ്രതിസന്ധിയുടെ ഫലമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ച പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് കടകവിരുദ്ധമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളീയ സമൂഹത്തെ കബളിപ്പിക്കാതെ വസ്‌തുതകള്‍ തുറന്നു പറയാന്‍ സിപിഎം ഇനിയെങ്കിലും തയ്യാറാകണം. പാലാ ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്‌ത മുല്ലപ്പള്ളി പാലയില്‍ പരാജയപ്പെട്ടാല്‍ മുഖ്യമന്ത്രി രാജിവയ്ക്കാന്‍ തയ്യാറാകുമോയെന്ന് ചോദിച്ചു.
നിസാര കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ഗള്‍ഫ് ജയിലുകളില്‍ കഴിയുന്ന പ്രവാസി മലയാളികളെയും ലേബര്‍ ക്യാമ്പുകളില്‍ ആടുജീവിതം നയിക്കുന്നവരെയും മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുകയാണ്. അവിടെയുള്ള നവസമ്പന്നന്‍മാര്‍ക്കും കോടീശ്വരന്‍മാര്‍ക്കും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മാത്രമാണ് മുഖ്യമന്ത്രിക്ക് കൂടുതല്‍ വേദനയുണ്ടാകുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.