തിരുവനന്തപുരം: ജോസ് കെ മാണി യുഡിഎഫ് വിട്ട വിഷയത്തില്‍ കോൺഗ്രസ് നേതാവ് കെ. മുരളീധരന് മറുപടിയുമായി കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുന്നണിയിലെ ഏതെങ്കിലും ഒരു ഘടക കക്ഷിയെ പറഞ്ഞു വിടുന്ന സമീപനം യുഡിഎഫിൻ്റെ സമീപനം അല്ല. പാർട്ടി വിട്ടുപോയ കെ. കരുണാകരനെ തിരിച്ചു കൊണ്ടുവന്ന പാർട്ടിയാണ് കോൺഗ്രസ്. ആരെയും പറഞ്ഞു വിടുന്ന പാരമ്പര്യം യുഡിഎഫിന് ഇല്ല. തെറ്റ് ചെയ്‌തെങ്കിൽ തിരുത്തിയാൽ തിരിച്ചു കൊണ്ടുവരും. അല്ലാതെ എല്ലാ കാലത്തും അവരെ ജീവപര്യന്തം ശിക്ഷിക്കുന്ന സമീപനം കോൺഗ്രസ് സ്വീകരിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജോസ് കെ. മാണി വിഭാഗം പോയതുകൊണ്ട് മധ്യകേരളത്തിൽ ശക്തി കുറഞ്ഞുവെന്ന വിലയിരുത്തൽ ഇല്ല. എൻസിപി വരുന്ന കാര്യം അവരാണ് തീരുമാനിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരള കോൺഗ്രസ് മുന്നണി വിടാതിരിക്കാൻ യുഡിഎഫ് നേതൃത്വം നോക്കണമായിരുന്നു എന്നായിരുന്നു കെ മുരളീധരൻ്റ പ്രതികരണം. കരുണാകരൻ്റെ കാലത്ത് ആരും മുന്നണി വിട്ടു പോയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു. ജോസ് കെ. മാണി വിഷയത്തിൽ മുന്നണി നേതൃത്വത്തെ വിമർശിച്ചു കെ മുരളീധരൻ രംഗത്തു വന്നതോടെ കോൺഗ്രസിൽ പുതിയ പോർമുഖം തുറക്കുകയാണ്.