തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പരാമർശത്തിന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുല്ലപ്പള്ളിയുടെ അഭിപ്രായം കോൺഗ്രസിന്‍റെ ഇപ്പോഴത്തെ അവസ്ഥയാണ് സൂചിപ്പിക്കുന്നത്. മുല്ലപ്പള്ളിയിൽ നിന്ന് കൂടുതൽ അന്തസുള്ള അഭിപ്രായം പ്രതീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരായ പരാമര്‍ശത്തിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി പറഞ്ഞത്.
ശൈലജ ടീച്ചറെ അവഹേളിച്ചാൽ നാട് സഹിക്കില്ല. മുല്ലപ്പള്ളിയുടെ കുടുംബം പോലും അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടുണ്ടാവും. വേദിയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവോ മുൻമുഖ്യമന്ത്രിയോ മുല്ലപ്പള്ളിയെ തിരുത്തണമായിരുന്നു. സമസ്താപരാധം ഏറ്റുപറഞ്ഞ് മുല്ലപ്പള്ളി മാപ്പ് പറയുകയാണ് വേണ്ടതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.