തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദമരംമുറി ഉത്തരവില്‍ കത്തിക്കയറി നിയമസഭ. സ്വന്തം വകുപ്പില്‍ ഒരു ഉത്തരവ് ഇറങ്ങുന്നത് അങ്ങ് അറിയുന്നില്ലെങ്കില്‍ എന്തിനാണ് ഈ കസരേയില്‍ ഇരിക്കുന്നതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തില്‍ ഒരു ഉത്തരവ് ഇറങ്ങുന്നത് കേരള മുഖ്യമന്ത്രിയും വനംമന്ത്രിയും ജലവിഭവ മന്ത്രിയും അറിയില്ല, പക്ഷേ തമിഴ്നാട് മുഖ്യമന്ത്രി അറിയുമെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാറിലെ തെറ്റായ നടപടികളുടെ തുടക്കം ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ചേംബറിലാണ് തുടങ്ങിയത്. സുപ്രീംകോടതിയിലെ മേൽനോട്ട സമിതിയുടെ ഭാഗമായ ഉദ്യോഗസ്ഥനാണ് ഇതിന് നേതൃത്വം നൽകിയത് - വി.ഡി സതീശൻ ആരോപിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മന്ത്രി എ.കെ ശശീന്ദ്രനെയാണ് പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചത്. ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് കുറ്റകരമായ അനാസ്ഥയാണെന്നും മരവിപ്പിച്ച ഉത്തരവ് റദ്ദാക്കാൻ സർക്കാർ എന്തിനാണ് ഭയക്കുന്നതെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആവശ്യപ്പെട്ടു.
സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ മറുപടി പറഞ്ഞു. വിഷയം ശ്രദ്ധയിൽ വരുമ്പോഴാണ് ഇടപെട്ട് നടപടി സ്വീകരിക്കുന്നത്. വേഗത്തിൽ നടപടി സ്വീകരിച്ചതിന് അഭിനന്ദിക്കുകയാണ് വേണ്ടത്. 'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം' എന്നതാണ് സർക്കാർ നയം. ഇതിന് വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ എല്ലാ പഴുതുകളും അടച്ച് നടപടി സ്വീകരിക്കുമെന്നും ആരുടെ മുന്നിലും മുട്ടുവിറക്കേണ്ട ഗതികേട് ഈ സർക്കാരിന് ഇല്ലെന്നും മന്ത്രി വിശദീകരിച്ചു.
വനംമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ സ്‌പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Also Read: അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളെ പ്രോത്സാഹിപ്പിക്കില്ല: പി രാജീവ്