തിരുവനന്തപുരം: സഹകരണ മേഖലയിൽ ബിജെപിക്കാർ അഴിമതി നടത്തിയാൽ അത് അന്വേഷിക്കപ്പെടണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് (MT Ramesh Criticize). സഹകരണ മേഖലയിലെ ക്രമക്കേടുകളിൽ സിബിഐ അന്വേഷണം വേണമെന്നും കേരളത്തിലെ സഹകരണ ബാങ്കുകളിൽ ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കാര്യാലയത്തിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
തട്ടിപ്പ് നടത്തിയവരെല്ലാം അന്വേഷണം നേരിടണം. ആരെയും ബിജെപി സംരക്ഷിക്കില്ല. ഇരകളോടൊപ്പം നിൽക്കുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചതെന്നും സിപിഎം എന്നും കൊള്ളക്കാരോടൊപ്പമാണെന്നും ഇരകൾക്കൊപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെങ്കിൽ ആവശ്യപ്പെടും. സഹകരണ മേഖലയിൽ ഉണ്ടായ പ്രതിസന്ധിയിൽ നിന്നും സിപിഎമ്മിനും സർക്കാരിനും ഒഴിഞ്ഞു മാറാൻ കഴിയില്ല.
കളവും കള്ളപ്പണ ഇടപാടും ഒളിച്ച് വയ്ക്കാൻ സാധാരണക്കാരെ ബലി കൊടുക്കുന്ന നിലപാടാണെന്നും സഹകരണ മേഖലയെ ആകെ തകർക്കുന്ന തരത്തിലുള്ള ഇടപെടലാണ് സിപിഎം നടത്തുന്നതെന്നും എംടി രമേശ് അഭിപ്രായപ്പെട്ടു. കേരള ബാങ്കിൽ നിന്നും പണം കൊടുക്കാനുള്ള തീരുമാനം ചട്ടവിരുദ്ധമാണ്. സംസ്ഥാന സർക്കാർ തന്നെ ദൈനംദിന പ്രവർത്തനത്തിന് വേണ്ടി കഷ്‌ടപ്പെടുന്നു. സഹകരണ ബാങ്കിൽ സിപിഎം നേതാക്കൾ കൊള്ളയടിച്ച പണം സഹകാരികൾക്ക് എങ്ങനെ തിരിച്ച് നൽകുന്ന കാര്യത്തിൽ കൃത്യമായ ഉത്തരം സഹകരണ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കുമില്ല.
സഹകരണ സംഘങ്ങളെ ആകെ ഞങ്ങൾ ആക്രമിക്കുന്നില്ല. കള്ളപ്പണം വെളുപ്പിക്കാനുള്ള പരിശ്രമം സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നു. കേന്ദ്ര സർക്കാർ പാസ്സാക്കിയ നിയമങ്ങൾ ഞങ്ങൾക്ക് ബാധകമല്ല എന്ന നിലയാണ് സംസ്ഥാന സർക്കാറിന്. വളഞ്ഞ വഴിയിലൂടെ ഒഴിഞ്ഞു മാറുന്ന രീതിയാണ് സ്വീകരിക്കുന്നത്. ആർബിഐയുടെ നിയമം കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾക്കും ബാധകമാണ്. ഒരു വിഭാഗം സഹകരണ സ്ഥാപനങ്ങളെ സർക്കാർ സഹായിക്കുന്നു. പെൻഷൻ മേടിക്കുന്ന സഹോദരിക്ക് 90 കോടി നിക്ഷേപം എങ്ങനെ ഉണ്ടാകുന്നെന്നും സഹകരണ സ്ഥാപനങ്ങൾ വളഞ്ഞ വഴിയിലൂടെ ബാങ്കിങ് പ്രവർത്തനങ്ങൾ നടത്തുന്നെന്നും അദ്ദേഹം ആരോപിച്ചു.
എല്ലാ പരിധികളും ലംഘിച്ച് കോടികളുടെ കള്ളപ്പണ ഇടപാട് സഹകരണ ബാങ്കുകളിൽ സിപിഎം നടത്തുന്നു. സഹകരണ മേഖലയെ കൊള്ളപ്പണത്തിന്‍റെ കേന്ദ്രമാക്കി മാറ്റുന്ന രീതി മാറണമെന്നും പശ്ചിമ ബംഗാളിലെ സഹാറ ചിട്ടിയേക്കാൾ വലിയ അഴിമതിയാണ് നടക്കുന്നതെന്നും എംടി രമേശ് കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ ഏകീകൃത സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നില്ല. കേരളത്തിന് ഏകീകൃത സോഫ്റ്റ്‌വെയർ ബാധകമല്ല എന്ന് പറയുന്നു. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ മാത്രം അതിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന് സംസ്ഥാന സർക്കാർ പറയുന്നു.
കറുത്ത ചോറ് മറയ്ക്കാൻ മണ്ണ് വാരിയിട്ടാൽ പിന്നെ കഴിക്കാൻ കഴിയില്ല. കോടീശ്വരന്മാരുമായി സിപിഎം നേതാക്കളുടെ ബന്ധം എന്താണ് എന്ന് ആദ്യം പറയട്ടെ എന്നിട്ടാകാം അന്വേഷണ സംഘങ്ങളെ കുറ്റം പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കെഡിയെ ആണ് ഇഡി പിടിക്കുന്നത്. ബിജെപിക്കാരായ പ്രവർത്തകർ അഴിമതി നടത്തിയാൽ അതും അന്വേഷിക്കപ്പെടണം.
അതേസമയം സിപിഎം നേതൃത്വത്തിൽ നടക്കുന്ന സഹകരണ ബാങ്ക് കൊള്ളയിൽ പ്രതിഷേധിച്ച് സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നാളെ ബിജെപി പദയാത്ര നടത്തും. ഈ പദയാത്ര എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും പത്തനംതിട്ട മൈലപ്രയിലും പുറ്റൂരിലും അദാലത്തുകൾ സംഘടിപ്പിക്കുമെന്നും വിഷയം കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എംടി രമേശ് പറഞ്ഞു.