തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിന്‍റെ തകർച്ചയുടെ വേഗത വർദ്ധിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ കോൺഗ്രസ് വിട്ട് പുറത്തേക്ക് വരും. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചില കോൺഗ്രസ് നേതാക്കൾ സി.പി.എമ്മിലെത്തിയിട്ടുണ്ട്. കോൺഗ്രസ് വിട്ട് എത്തുന്നവരെ അർഹമായ രീതിയിൽ സി.പി.എം പരിഗണിക്കും.
മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് നേതാക്കൾ പോയപ്പോൾ കേരളത്തിൽ അതുണ്ടായില്ല. മതേതരത്വത്തിലുള്ള കർശനമായ സി.പി.എം നിലപാട് അംഗീകരിക്കപ്പെടുന്നത് കൊണ്ടാണിത്. മതേതര വിശ്വാസികൾക്ക് കോൺഗ്രസിൽ നിൽക്കാൻ കഴിയില്ല. കോൺഗ്രസിൽ മാത്രമല്ല യു.ഡി.എഫിൽ തന്നെ വലിയ പ്രതിസന്ധിയുണ്ട്.
മുസ്ലീം ലീഗിൽ വലിയ ആഭ്യന്തര തർക്കം രൂക്ഷമാണ്. ഹരിത വിഷയത്തിൽ ലീഗിന്‍റെ സ്ത്രീവിരുദ്ധ നിലപാട് പ്രകടമായിട്ടുണ്ട്. യു.ഡി.എഫിലെ മറ്റ് ഘടകക്ഷികളിലും പ്രശ്നങ്ങൾ കൂടുതലാണ്. അത് മുന്നണിയെ തകർച്ചയിലേക്ക് എത്തിക്കും. കൂടുതൽ പേർ യു.ഡി.എഫ് വിട്ട് ഇടത് ചേരിയിൽ എത്തുമെന്നും വിജയരാഘവൻ പറഞ്ഞു.
കൂടുതല്‍ വായനക്ക്: കുരുങ്ങൻമാർക്ക് എന്ത് ഒരു ലക്ഷം, നോട്ടുകെട്ട് വായുവിലെറിഞ്ഞ് ആഘോഷം: ദൃശ്യങ്ങൾ വൈറല്‍