തിരുവനന്തപുരം: മാനസിക പ്രശ്‌നങ്ങൾക്ക് കൗൺസിലിങിന് എത്തിയ 13കാരനെ പല തവണ പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് തടവും പിഴയും വിധിച്ച് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. കെ ഗിരിഷിനെതിരെ (59) 26 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാല് വർഷം കഠിന തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽക്കണം. 26 വർഷം തടവിന് വിധിച്ചെങ്കിലും വിവിധ വകുപ്പുകളിലെ എല്ലാ ശിക്ഷയും കൂടി ഒന്നിച്ച് ആറ് വർഷം തടവ് ശിക്ഷ ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. പ്രതിയെ മറ്റൊരു കേസിൽ ഒരു വർഷം മുമ്പ് ഇതേ കോടതി ശിക്ഷിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്‍റ് പ്രൊഫസറായിരുന്ന പ്രതി 'ദേ പ്രാക്‌സിസ് പ്രാക്‌ടീസ്, ടു പെർഫോം' എന്ന സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. തിരുവനന്തപുരം മണക്കാടുള്ള കുര്യാത്തിയിൽ വീടിനോട് ചേർന്നാണ് പ്രതി സ്വകാര്യ സ്ഥാപനം നടത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള കുട്ടി 2015 ഡിസംബർ ആറ് മുതൽ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവിൽ കൗൺസിലിങിനായി എത്തിയപ്പോഴാണ് പീഡനം നടന്നത്.
പീഡനത്തെ തുടർന്ന് കുട്ടിയുടെ മനോനില ഗുരുതരമായി. നിരന്തരമായ പീഡനത്തിൽ കുട്ടിയുടെ രോഗം വർധിച്ചുവെന്നും പ്രോസിക്യൂഷൻ കണ്ടെത്തി. തുടർന്ന് പ്രതി കുട്ടിയെ മറ്റ് ഡോക്‌ടർമാരെ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ പീഡനം പുറത്ത് പറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. അതിനാൽ തന്നെ കുട്ടി ഭയന്ന് ഇക്കാര്യം പുറത്തുപറഞ്ഞില്ല.
രോഗം ഭേദമാകാത്തതിനാല്‍ 2019ന് കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രി സൈക്ക്യാട്രി വിഭാഗത്തിൽ അഡ്‌മിറ്റ് ചെയ്‌തു. 2019 ജനുവരി 30ന് ഡോക്‌ടർമാർ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് രണ്ട് വർഷം മുമ്പ് പീഡനത്തിനിരയായ കാര്യം കുട്ടി പറയുന്നത്. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് തന്നിട്ടുണ്ടെന്നും പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും കുട്ടി വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് മെഡിക്കൽ കോളജ് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയും ഫോർട്ട് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പീഡനത്തെ തുടർന്നാണ് കുട്ടിയുടെ അസുഖം മൂർച്ഛിച്ചതെന്ന് കുട്ടിയെ ചികിത്സിച്ച മറ്റ് ഡോക്‌ടർമാരും വിസ്‌താര വേളയിൽ പറഞ്ഞു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹൻ, അഭിഭാഷകരായ എം മുബീന, ആർവൈ അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്‌തരിച്ചു. 24 രേഖകൾ ഹാജരാക്കി. പ്രതി ഭാഗം രണ്ട് സാക്ഷികളെ വിസ്‌തരിക്കുകയും രണ്ട് രേഖകൾ ഹാജരാക്കുകയും ചെയ്‌തു. ഫോർട്ട് എസ് ഐമാരായ കിരൺ ടിആർ, എ അനീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.