തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ആധുനിക വല്‍കരണം സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. സ്വന്തം നിലയില്‍ നടത്താന്‍ കഴിയുന്ന സാമ്പത്തിക സ്ഥിതിയിലല്ല കെഎസ്ആര്‍ടിസിയുള്ളത്. ബസ് ഷെല്‍ട്ടര്‍ നിര്‍മാണത്തില്‍ ഉള്‍പ്പടെ സ്വകാര്യ പങ്കാളിത്തം നടപ്പാക്കുമെന്നും ആന്‍റണി രാജു പറഞ്ഞു.
ALSO READ: മരം മുറി വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് ശക്തമായ നിലപാട്: വിജയരാഘവന്‍
താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനങ്ങളില്‍ പ്രൊഫഷണല്‍ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പുവരുത്തി കോര്‍പ്പറേഷനില്‍ പ്രൊഫഷണലിസം കൊണ്ടു വരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കൊമേർഷ്യല്‍ ഡിവിഷന്‍ ശക്തിപ്പെടുത്തും. സിഎന്‍ജി ബസുകള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
3000 ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായി ഡല്‍ഹി ആസ്ഥാനമായ ജിയോലെറ്റ് ഓട്ടോ ഗ്യാസ് ഇന്‍ഡസ്ട്രിയുമായി പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. 5 ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റാന്‍ ഈ കമ്പനിക്ക് കരാര്‍ നല്‍കിയതായും മന്ത്രി നിയമസഭയെ അറിയിച്ചു. ഇലക്ട്രിക് ബസുകള്‍ വാടകയ്ക്ക് എടുത്ത് ഓടിക്കുന്നത് കോര്‍പ്പറേഷന് വലിയ നഷ്‌ടമാണ് ഉണ്ടാക്കുന്നത്.
ALSO READ: തൃക്കുന്നപ്പുഴയിലെ ജാതി വിവേചനം: ചിത്രയുടെ വീട് നിര്‍മാണം പുനരാരംഭിച്ചു
കിലോമീറ്ററിന് 43.20 രൂപ വാടക നല്‍കി നടത്തുന്ന ഇലക്ട്രിക് ബസില്‍ നിന്നുള്ള വരുമാനം 38.01 രൂപ മാത്രമാണ്. വാടക കൂടാതെ വൈദ്യുത ചാര്‍ജ്, ജീവനക്കാരുടെ ശമ്പളം എന്നിവ കൂടി കണക്കാക്കുമ്പോള്‍ കോര്‍പ്പറേഷന് വലിയ നഷ്‌ടമാണ് ഉണ്ടാകുക. അതിനാല്‍ ബസുകള്‍ പാട്ടത്തിനെടുക്കുന്ന കരാര്‍ പുതുക്കില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ശബരിമലയിലേക്ക് എല്ലാ ഡിപ്പോയില്‍ നിന്നും പ്രത്യേക സര്‍വീസിനായി 200 ബസുകള്‍ നല്‍കിയതായും മന്ത്രി വ്യക്തമാക്കി.