തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തങ്ങള്‍ കൂട്ടുകൂടിയാല്‍ പാല്‍പ്പായസവും ലീഗ് കൂടിയാല്‍ പാവയ്ക്കാ കഷായവുമെന്നതാണ് സി.പി.എം നിലപാടെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ചര്‍ച്ചയുമില്ലെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് പല തദ്ദേശഭരണ സ്ഥാപനങ്ങളിലും സി.പി.എമ്മും എസ്.ഡി.പി.ഐയും ഭരണം പങ്കിടുന്നുണ്ട്.
മലപ്പുറം ജില്ലയില്‍ വെല്‍ഫെയര്‍പാര്‍ട്ടിയും സി.പി.എമ്മും ഒരുമിച്ചു മത്സരിച്ച് ഭരണം പങ്കിടുന്ന നിരവധി തദ്ദേശഭരണ സ്ഥാപനങ്ങളുണ്ട്. കാലങ്ങളായി വെല്‍ഫെയര്‍ പാര്‍ട്ടിയും സി.പി.എമ്മും സഹയാത്രികരാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവ്, പാലക്കാട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ഈ മണ്ഡലങ്ങളില്‍ സി.പി.എം, ബി.ജെ.പിക്ക് വോട്ട് മറിച്ചു നല്‍കി. എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് ആര്‍.എസ്.എസുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഹിന്ദു വര്‍ഗീയതയും ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് മുസ്ലീം തീവ്രവാദവും വളര്‍ത്തുന്നുവെന്നുമാണ്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ മുഖ്യമന്ത്രിയുടെ ഉച്ചഭാഷിണിയായി അധ:പതിച്ചുവെന്നും സ്‌പീക്കറുടെ നിലപാട് അത്ഭുതപ്പെടുത്തിയെന്നും മുനീര്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.