തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന് നാടിന്‍റെ അന്ത്യാഞ്ജലി. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ തിരുവനന്തപുരം ശാന്തി കവാടത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു എം ജെ രാധാകൃഷ്ണന്‍റെ അന്ത്യം. മകളുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാധാകൃഷ്ണന്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിച്ച മൃതദേഹം 12 മണിയോടെ പൊതുദര്‍ശനത്തിനായി കലാഭവന്‍ തിയേറ്ററില്‍ എത്തിച്ചു. ചലച്ചിത്ര-സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനായി കലാഭവനില്‍ എത്തിയത്. പൊതുദര്‍ശനത്തിന് ശേഷം ഭൗതികശരീരം രണ്ട് മണിയോടെ വഴുതക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു. ദേശാടനം, കരുണം തുടങ്ങി എഴിപത്തിയഞ്ചോളം ചിത്രങ്ങള്‍ക്ക് ദൃശ്യങ്ങള്‍ ഒരുക്കിയ എം ജെ രാധാകൃഷ്ണന്‍ ഏഴ് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.