തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ഇന്ന് 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധന നടത്തിയതായും കഴിഞ്ഞ ആറുമാസം കൊണ്ട് അരലക്ഷത്തോളം പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. നിയമവിരുദ്ധമായി പ്രവർത്തിച്ച 48 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ഇവയിൽ 18 സ്ഥാപനങ്ങള്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുകയും 30 എണ്ണം ലൈസന്‍സ് ഇല്ലാതെയാണ് നിലനിന്നിരുന്നതെന്നും മന്ത്രി അറിയിച്ചു.
പുറമെ, 142 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ പരിശോധന തുടരും. നല്ല ഭക്ഷണം നാടിന്‍റെ അവകാശം എന്ന കാമ്പയിനിന്‍റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഓയില്‍, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിയവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
'ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധന നടത്തുന്നു' : വിവിധ ഓപ്പറേഷനുകളിലൂടെ സംസ്ഥാനത്താകെ കഴിഞ്ഞ ജൂലൈ മുതല്‍ ഡിസംബര്‍ വരെ 46,928 പരിശോധനകള്‍ നടത്തി. 9,248 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കുകയും 97.60 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്‌തു. നിയമ നടപടികളുടെ ഭാഗമായി 149 സ്ഥാപനങ്ങള്‍ ഇതിനോടകം അടപ്പിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ നിരന്തര ഇടപെടലിലൂടെ കഴിഞ്ഞ ആറുമാസ കാലയളവിനുള്ളില്‍ 82,406 സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും 18,037 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും ലഭ്യമാക്കി.
ALSO READ| കണ്ണൂരിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന; പുഴുവരിച്ച നിലയില്‍ ചിക്കന്‍ വിഭവങ്ങള്‍ പിടിച്ചെടുത്തു
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ നഴ്‌സ് മരിച്ചതിനെ തുടർന്ന് ഹോട്ടലുകളിലെ പരിശോധന വീണ്ടും കർശനമാക്കുകയാണ്. എന്നാൽ, പലയിടത്തും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെ തടയുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന രംഗങ്ങളാണുണ്ടായത്. എന്നാൽ, കാമ്പയിനിന്‍റെ ഭാഗമായി ഉദ്യോഗസ്ഥർ കർശനമായ പരിശോധന തന്നെയാണ് സംസ്ഥാനത്ത് നടത്തിവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.