തിരുവനന്തപുരം : കോഴിക്കോട് എരവന്നൂർ യുപി സ്‌കൂളിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്‌ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. സ്‌കൂൾ ക്യാമ്പസിൽ സംഘർഷം ഉണ്ടായെങ്കിൽ അതൊരു തരത്തിലും അനുവദിക്കാൻ കഴിയാത്തതാണെന്ന് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കുട്ടികളെ അധ്യാപകർ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളിൽ സ്‌റ്റാഫ് മീറ്റിങ് നടക്കുന്നതിനിടെയാണ് സംഭവം. സ്‌കൂളിലെ അധ്യാപികയും എൻടിയു ഉപജില്ല ട്രഷററുമായ സുപ്രീനയുടെ ഭർത്താവായ ഷാജിയും മറ്റ് അധ്യാപകരും തമ്മിലാണ് സംഘർഷമുണ്ടായത്.
Also Read: ഹാപ്പിയാണ് ഈ മാഷും കുട്ട്യോളും ; ചൂരലിനോട് ഗെറ്റൗട്ട് പറഞ്ഞ് സുജിത്ത് മാഷ്, വീഡിയോ വൈറൽ
സുപ്രീനയെ വീട്ടിലേക്ക് കൊണ്ടുപോകാൻ സ്‌കൂളിൽ എത്തിയതായിരുന്നു മറ്റൊരു സ്‌കൂളിലെ അധ്യാപകനായ ഷാജി. എന്നാല്‍ സ്‌റ്റാഫ് കൗൺസിൽ നടക്കുന്നതിനിടെ ഷാജി അവിടേക്ക് കയറിച്ചെല്ലുകയും മറ്റ് അധ്യാപകരുമായി സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഏഴ് അധ്യാപകർക്ക് പരിക്കേറ്റിരുന്നു.