തിരുവനന്തപുരം: കര്‍ക്കടകവാവ് ബലിതര്‍പ്പണങ്ങള്‍ക്കായി തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ഒരുക്കങ്ങള്‍ മന്ത്രി വി.ശിവൻകുട്ടി നേരിട്ടെത്തി പരിശോധിച്ചു. വിവിധ വകുപ്പുകളെ ഏകോപിച്ച് നടത്തിയ അവലോകന യോഗത്തില്‍ ക്ഷേത്രത്തിൽ സജ്ജമാക്കിയിട്ടുളള സൗകര്യങ്ങൾ ദേവസ്വം ബോർഡ് അധികൃതർ, മറ്റ് ഇതര വകുപ്പുകളിലെ ഉദ്യോഗസഥര്‍ എന്നിവരില്‍ നിന്ന് മന്ത്രി നേരിട്ട് ചോദിച്ച് മനസിലാക്കി. ജൂലൈ 28-നാണ് ഈ വര്‍ഷത്തെ കര്‍ക്കടക വാവുബലി.
ശുചീകരണ പ്രവർത്തനങ്ങള്‍, കുടിവെളളം, താൽക്കാലിക ശൗചാലയം എന്നിവ രണ്ടുദിവസത്തിനുളളിൽ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. ക്ഷേത്ര പരിസരത്ത് വെളിച്ചക്കുറവ് ശ്രദ്ധയിൽപ്പെട്ട മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് അടിയന്തരമായി ലൈറ്റുകൾ സ്ഥാപിക്കാനും നിർദേശം നല്‍കി. അതേ സമയം ബലിതർപ്പണത്തിനുശേഷം ക്ഷേത്രക്കടവിലെത്തി ശരീരശുദ്ധി വരുത്തുന്നതിനുളള സൗകര്യങ്ങളിൽ പോരായ്‌മയുണ്ടെന്ന് യോഗത്തിൽ പരാതി ഉയര്‍ന്നു.
കർക്കടക വാവ് ദിവസം ബലിതർപ്പണത്തിന് എത്തുന്നവരുടെ സുരക്ഷ, വാഹന പാർക്കിങ് എന്നിവയടക്കമുളള കാര്യങ്ങളും സജ്ജമാക്കിയെന്ന് ഡി.സി.പി. അജിത് അറിയിച്ചു. ഫോർട്ട് അസി.കമ്മിഷണർ എസ്.ഷാജിയുടെ നേത്യത്വത്തിലാണ് സുരക്ഷയൊരുക്കുക. 1000 പൊലീസുകാരാവും ഇത്തവണത്തെ സുരക്ഷാകാര്യങ്ങൾക്കായി നിയോഗിക്കുക.
ബൈപ്പാസിലെ സർവീസ് റോഡിലെ പ്രത്യേക പോയിന്‍റുകള്‍, ക്ഷേത്രത്തിന് സമീപത്തുളള സ്‌കൂള്‍ ഗ്രൗണ്ടുകൾ എന്നിവയാണ് വാഹന പാർക്കിങിന് സജ്ജമാക്കിയിരിക്കുന്നതെന്ന് അസി.കമ്മിഷണര്‍ പറഞ്ഞു. മന്ത്രിക്ക് പുറമെ മേയർ ആര്യ രാജേന്ദ്രൻ, സബ്‌കലക്‌ടർ എം.സ്.മാധവിക്കുട്ടി, നഗരസഭ വിവിധ വകുപ്പുകളിലെ മേലുദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.