തിരുവനന്തപുരം:സ്വകാര്യ കൊറിയര്‍ കമ്പനികള്‍ വഴി സംസ്ഥാനത്ത് മയക്കു മരുന്ന് കടത്തുന്ന സംഭവം വര്‍ധിച്ചു വരുന്നെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലെ കൊറിയര്‍ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടിച്ചെടുത്തെന്നും ഓണ്‍ലൈന്‍ വഴിയുള്ള മയക്കുമരുന്ന് വ്യാപാരം തടയുന്നതിന് എക്‌സൈസ് സൈബര്‍സെല്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചെന്നും എക്‌സൈസ് മന്ത്രി നിയമ സഭയിൽ പറഞ്ഞു.
എക്‌സൈസ് ഷാഡോ വിഭാഗം മയക്കുമരുന്ന് കടത്ത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും വിദ്യാലയങ്ങളുടെ സമീപത്തുള്ള സ്ഥാപനങ്ങളില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചാല്‍ സ്ഥാപനം അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും ലഹരി മോചന പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് കുടുംബശ്രീ വഴി ഊര്‍ജിതമായ പ്രചാരണ പ്രവര്‍ത്തനം നടത്തുമെന്നും എക്‌സൈസ് മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് മയക്കുമരുന്നിന്‍റെ സാന്നിധ്യം വര്‍ധിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സുരേഷ് കുറുപ്പ് നിയമസഭയില്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍.