തിരുവനന്തപുരം : കെ-റെയിൽ പദ്ധതിയിൽ നിന്ന് വീട് സംരക്ഷിക്കുന്നതിനായി അലൈൻമെന്‍റില്‍ മാറ്റം വരുത്തിയെന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റെ ആരോപണം തള്ളി മന്ത്രി സജി ചെറിയാൻ. പദ്ധതിയുടെ അലൈൻമെന്‍റ് തീരുമാനിക്കുന്നത് താനല്ലെന്നും തിരുവഞ്ചൂരിന് സാധിക്കുമെങ്കിൽ തന്‍റെ വീട്ടിലൂടെ അലൈൻമെന്‍റ് കൊണ്ടുവരാമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. സിൽവർലൈനിനായി വീട് വിട്ടുനൽകാൻ തനിക്ക് പൂർണ സമ്മതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: സിൽവർലൈൻ: ‘ബഫർ സോൺ ഉണ്ട്’, മന്ത്രിയെ തള്ളിയും എംഡിയെ പിന്തുണച്ചും കോടിയേരി
തിരുവഞ്ചൂരിന് കാര്യവിവരം ഉണ്ടെന്നായിരുന്നു ധാരണ. എന്നാൽ അത് തെറ്റാണെന്ന് ബോധ്യപ്പെട്ടു. തന്‍റെ കാലശേഷം വീട് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നൽകുമെന്ന് നേരത്തെ പറഞ്ഞിരുന്നതാണ്. അങ്ങനെയുള്ള തനിക്ക് കെ-റെയിലിന് വീട് വിട്ടുനൽകാൻ കൂടുതൽ സന്തോഷമേയുള്ളൂ.
വീട് നൽകിയാൽ ലഭിക്കുന്ന നഷ്‌ടപരിഹാരത്തുക തിരുവഞ്ചൂരിന് തന്നെ നൽകാം. അദ്ദേഹവും കോൺഗ്രസ് നേതാക്കളും ചേർന്ന് കരുണയ്ക്ക് തുക കൈമാറിയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.