തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന ഡബ്ല്യുസിസിയുടെ ആവശ്യത്തിനെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിപ്പോർട്ട് പുറത്തുവിടണമെന്ന് പറയുന്നവരുടെ ഉദ്ദേശം വേറെയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങള്‍ നടപ്പാക്കുന്നത് ചർച്ച ചെയ്യാന്‍ വിളിച്ചുചേർത്ത യോഗത്തിന് മുന്നോടിയായാണ് മന്ത്രിയുടെ പ്രതികരണം. റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാർ അംഗീകരിച്ചാണ് തുടർ നടപടികളിലേക്ക് കടക്കുന്നത്. തത്‌കാലം മറ്റ് വിവാദങ്ങളിലേക്ക് പോകേണ്ടതില്ല.
also read: 'ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യമാക്കണം' ; സർക്കാരിനോട് ദേശീയ വനിത കമ്മിഷൻ
റിപ്പോർട്ട് പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സർക്കാരാണ്. സോഷ്യൽ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏർപ്പെടുത്തണം. ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, തുല്യവേതനം ഉറപ്പാക്കണം, സിനിമ മേഖലയിൽ കരാർ നിർബന്ധമാക്കണം, ജോലിസ്ഥലത്ത് മദ്യവും മയക്കുമരുന്നും കർശനമായി നിരോധിക്കണം, സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
കുറച്ചുകൂടി ശക്തമായ നിയമം വേണമെന്നും ഇനിയും ചർച്ചകൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആർക്കും പരാതി ഇല്ലാത്ത തരത്തിൽ നിയമം അവതരിപ്പിക്കും. നിയമം സിനിമ മേഖലയിൽ സമഗ്രമായി പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും സാംസ്‌കാരിക മന്ത്രി അറിയിച്ചു.