തിരുവനന്തപുരം : സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സര്‍ക്കാര്‍ എല്ലാ ലക്ഷ്‌മണ രേഖയും ലംഘിച്ചുവെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ആരോപണത്തിന് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു. ലക്ഷ്‌മണ രേഖ ലംഘിച്ചതുകൊണ്ടാണ് താനുള്‍പ്പെടെയുള്ളവര്‍ ഈ സ്ഥാനത്തിരിക്കുന്നത്. അല്ലെങ്കില്‍ വീടിനുള്ളില്‍ ഒതുങ്ങിപ്പോകുമായിരുന്നു.
ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ല. വൈസ് ചാന്‍സലര്‍മാരോട് തൽക്കാലം തുടരാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ നിയമോപദേശം തേടിവരികയാണ്.
വിസിമാര്‍ രാജിവയ്ക്കണം എന്ന് അന്ത്യശാസനം നല്‍കിയ ചാൻസലര്‍ ഒടുവില്‍ നിലപാടില്‍ അയവുവരുത്തി. തൽക്കാലം വിവാദത്തിലേക്ക് കടക്കാനില്ല. മാധ്യമങ്ങള്‍ വിവാദത്തിന് ശ്രമിക്കരുത്.
ഗവര്‍ണറുടെ നിലപാട് സംബന്ധിച്ച് കോണ്‍ഗ്രസിലെ ഭിന്നതയെയും മന്ത്രി വിമര്‍ശിച്ചു. ഏത് കാര്യത്തിലാണ് അവര്‍ക്ക് ഏകാഭിപ്രായമുള്ളതെന്നും ഇതുതന്നെയാണ് ആ പാര്‍ട്ടിയുടെ പ്രശ്‌നമെന്നും മന്ത്രി പരിഹസിച്ചു.