തിരുവനന്തപുരം: എൻഡോസൾഫാൻ പുനരധിവാസ പദ്ധതി ഏകോപിപ്പിക്കുന്നതിനുള്ള റെമഡിയേഷൻ സെൽ പ്രവർത്തിക്കുന്നില്ലെന്ന് സമ്മതിച്ച് സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള നഷ്‌ടപരിഹാരം നൽകുന്നില്ലെന്നാരോപിച്ച് എൻ.എ നെല്ലിക്കുന്ന് നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള നോട്ടീസിന് മറുപടി നൽകുമ്പോഴാണ് മന്ത്രിയുടെ പ്രതികരണം.
സെൽ പ്രവർത്തിക്കാത്തതിനാൽ നിരവധി ദുരിതബാധിതർക്ക് സഹായം ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സെൽ പുനസംഘടിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. എൻഡോസൾഫാൻ ദുരിതബാധിതരുടെ കാര്യത്തിൽ വിട്ടുവീഴ്‌ചയല്ലാത്ത നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി ആർ. ബിന്ദു റെമഡിയേഷൻ സെൽ പുനസംഘടിപ്പിക്കുമെന്നും സഭയെ അറിയിച്ചു.
ALSO READ: കാസർകോട് മുൻ കലക്‌ടറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്
അതേസമയം 1031 പേരെ നഷ്‌ടപരിഹാരത്തിനുള്ള പട്ടികയിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. 3713 പേർക്ക് ഇനിയും നഷ്‌ടപരിഹാരം ലഭിക്കാനുണ്ട്. സർക്കാർ പ്രതിനിധിയായ മുൻ കലക്‌ടർ ദുരിതബാധിതരെ അപമാനിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ചികിത്സ സൗകര്യം വർധിപ്പിക്കണം. കാസർകോട് ജില്ലയിൽ ഒരു ട്രോമ കെയറോ ന്യൂറോളജിസ്റ്റോ വിദഗ്‌ധ ഡോക്‌ടർമാരോയില്ല. ഇത് കാരണം കുട്ടികൾ മരിക്കുകയാണ്. കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇരകളായി ദുരിതം അനുഭവിക്കുന്നത്. ഇവർക്ക് നൽകുന്ന പെൻഷൻ വർധിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
മന്ത്രിയുടെ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിൽ സ്‌പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചങ്കിലും പ്രതിപക്ഷം സഭാ നടപടികളോട് സഹകരിച്ചു.