തിരുവനന്തപുരം : പ്രിയ വര്‍ഗീസിന്‍റെ നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ തീരുമാനം മുഴുവന്‍ അധ്യാപകര്‍ക്കും ആശ്വാസകരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കോടതി വിധി സ്വാഗതാര്‍ഹമാണ്. ക്ലാസ് മുറിക്കകത്തെ പഠിപ്പിക്കൽ മാത്രമാണ് അധ്യാപനമെന്ന് കണക്കാക്കുന്നത് സങ്കുചിതമായ ചിന്താഗതിയാണ്.
അധ്യാപകര്‍ക്ക് ഗവേഷണത്തിനും മറ്റ് അക്കാദമിക് ആവശ്യങ്ങല്‍ക്കും പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു നേരത്തെയുള്ള വിധി മൂലമുണ്ടായിരുന്നത്. അതിനെ മറികടക്കാന്‍ ഇപ്പോള്‍ സാധിച്ചു. അധ്യാപകര്‍ക്ക് ഗവേഷണം നടത്തുക എന്നതും മറ്റ് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കണമെന്നതും നിയമപരമാണ്.
യുജിസി പോലും ഇത് അംഗീകരിച്ചിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെയായിരുന്നു നേരത്തെയുള്ള ഉത്തരവ്. അത് അധ്യാപക സമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതായിരുന്നു. പുതിയ ഉത്തരവ് അധ്യാപകര്‍ക്ക് പുതിയ സാധ്യതകള്‍ തുറന്നു വയ്‌ക്കുകയാണ്. അധ്യാപകരുടെ കഴിവുകള്‍ ഉപയോഗിക്കാൻ സാധിച്ചാൽ അത് സമൂഹത്തിന് ഏറെ സഹായകമാകും.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്‍റെ കേന്ദ്രങ്ങളാകുകയാണ്. പുതിയ കോഴ്‌സുകള്‍ക്ക് അക്വഡിറ്റേഷന്‍ ലഭിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ തന്നെ ഏറെ ഗുണമേന്മയോടെ പോവുകയാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല. എന്നാല്‍ ഈ മേഖലയിലെ നേട്ടങ്ങള്‍ ആരും കാണുന്നില്ല.
നേട്ടങ്ങൾ കാണുന്നില്ല, അന്തരീക്ഷം കലുഷിതമാക്കുന്നു : വിവാദങ്ങൾക്കാണ് പ്രധാന്യം ലഭിക്കുന്നത്. വിവാദ കലുഷിതമായ അന്തരീക്ഷം സൃഷ്‌ടിച്ച് ഈ നേട്ടങ്ങളെ എല്ലാ കാലത്തും തമസ്‌കരിക്കാന്‍ കഴിയില്ലെന്ന് എല്ലാവരും ഓര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയത് നവംബര്‍ 16നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്‌റ്റേ ചെയ്‌തത്. പ്രിയ വര്‍ഗീസിന്‍റെ യോഗ്യത അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി.
also read : Priya Varghese| 'ഞാൻ അഭിമുഖത്തിന് പങ്കെടുക്കാതിരിക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ട്'; പ്രിയ വർഗീസ് മാധ്യമങ്ങളോട്
പ്രിയ ഒന്നാം സ്ഥാനത്ത് തുടരും : എന്നാല്‍ ഈ വിധിക്കെതിരെ പ്രീയ വര്‍ഗീസ് നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ അനുകൂല വിധി ലഭിച്ചിരിക്കുന്നത്. പ്രിയ വര്‍ഗീസിന്‍റെ നിയമന കാര്യത്തില്‍ കോടതി വിധി ലഭിച്ച ശേഷം തീരുമാനമെടുക്കുമന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരിച്ചിരുന്നു. സര്‍വകലാശാലയുടെ ലിസ്റ്റ് അനുസരിച്ച് പ്രിയ വര്‍ഗീസാണ് ഒന്നാമതുള്ളത്. നേരത്തേയുള്ള സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയാല്‍ സ്വാഭാവികമായും പ്രിയ വര്‍ഗീസിന്‍റെ ഒന്നാം സ്ഥാനം നിലനില്‍ക്കുമെന്ന് വി.സി. പറഞ്ഞു.
എന്നാല്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുക്കണമെങ്കില്‍ സര്‍വകലാശാലയ്‌ക്ക് കോടതി ഉത്തരവ് ലഭിക്കണമെന്നും വി.സി പറഞ്ഞു. വിധിയെ പ്രിയ വര്‍ഗീസും സ്വാഗതം ചെയ്‌തിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് റാങ്ക് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള ഡോ. ജോസഫ് സക്കറിയ വിധിയിൽ പ്രതികരിച്ചു.
also read : അസോ. പ്രൊഫസർ നിയമനം; പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച്