തിരുവനന്തപുരം : സർക്കാർ ആരോടും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്‌ടർ ശങ്കർ മോഹന്‍റെ രാജിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കമ്മിഷന്‍റെ നടപടിക്ക് മുൻപാണ് രാജി ഉണ്ടായത്. രണ്ട് കമ്മിഷനുകളുടെയും കണ്ടെത്തൽ സമാന സ്വഭാവമുള്ളതായിരുന്നു. ശങ്കർ മോഹനെ നിർബന്ധിച്ച് പുറത്താക്കിയതല്ലെന്നും മന്ത്രി പറഞ്ഞു.
അടൂർ ബഹുമാന്യനായ വ്യക്തിയാണ്. അതേസമയം അന്വേഷണ റിപ്പോർട്ടിൻ്റെ ഉള്ളടക്കം ഏകദേശം ശരിയാണ്. വിദ്യാർഥികളുടെ വിശ്വാസ്യത ആർജിക്കുന്നതിൽ പ്രശ്‌നമുണ്ടായി. അടൂർ നിർദേശിച്ചത് അനുസരിച്ചാണ് രണ്ടാമത്തെ കമ്മിഷനെ നിയോഗിച്ചത്. കമ്മീഷൻ അംഗങ്ങൾ അപമാനിച്ചുവെന്ന് അടൂർ പറഞ്ഞതിൽ കഴമ്പുണ്ടെങ്കിൽ പരിശോധിക്കും.
ആരെയും അപമാനിക്കുന്നവരെയല്ല കമ്മിഷനിലെ അംഗങ്ങളായി നിശ്ചയിച്ചിട്ടുള്ളത്. കമ്മിഷൻ്റെ നടപടി വരുന്നതിന് മുൻപാണ് ശങ്കർ മോഹൻ രാജി വച്ചത്. അടൂരിന്‍റെ രാജിയിൽ സർക്കാരിനോട് പ്രതിഷേധിക്കാനുള്ള കാരണങ്ങൾ കാണുന്നില്ല. വസ്‌തു നിഷ്‌ഠമായി കാര്യങ്ങൾ പരിശോധിച്ചാണ് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.
ഉറപ്പുകൾ ആരേയും താഴ്‌ത്തികെട്ടാനല്ല: അടൂർ പറഞ്ഞ കാര്യങ്ങൾ അനുഭാവപൂർവം സർക്കാർ പരിഗണിക്കും. സെൻസിറ്റീവായ വിഷയത്തിൽ അവധാനതയോടെ മാത്രമെ ഇടപെടാൻ പാടുള്ളൂ എന്ന് മുഖ്യമന്ത്രി പ്രത്യേകം ഓർമിപ്പിച്ചിരുന്നു. വിദ്യാർഥികൾക്ക് നൽകിയ ഉറപ്പുകൾ ആരേയും താഴ്ത്തിക്കെട്ടാനായിരുന്നില്ലെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.
വിദ്യാർഥി സമരവും രാജിയും: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ആറ് മാസമായി നടത്തിയ വിദ്യാർഥി സമരത്തിന് പിന്നാലെ ഇന്ന് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും സംവിധായകനുമായ അടൂർ ഗോപാലകൃഷ്‌ണൻ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു മാധ്യമങ്ങളെ കണ്ടത്. വിഷയത്തിൽ മുൻ ഡയറക്‌ടർ ശങ്കർ മോഹന്‍റെ രാജിക്ക് ശേഷവും മെറിറ്റ് വിഷയങ്ങൾ ഉൾപ്പെടെ ചൂണ്ടികാണിച്ച് നടത്തി വരികയായിരുന്ന സമരം ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം വിദ്യാർഥികൾ അവസാനിപ്പിക്കുകയായിരുന്നു.
ഒത്തുതീർപ്പ് ഉറപ്പുകളിന്മേൽ: ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകൾ നികത്താൻ നടപടിയെടുക്കുമെന്നും അടുത്ത അധ്യായനവർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ സംവരണം ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ പ്രോസ്പെക്‌ടസിൽ വ്യക്തമാക്കുമെന്നും മന്ത്രി വിദ്യാർഥികൾക്ക് ഉറപ്പ് നൽകിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്‌ടർ സ്ഥാനത്തേക്ക് നിയമനം നടത്താൻ സെർച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
ഡയറക്‌ടറെ നിയമിക്കുന്നതിനുള്ള നിയമന നടപടികൾ ത്വരിതപ്പെടുത്തും. വിദ്യാർഥികൾക്കിടയിൽ സ്വാഭാവികമായുണ്ടാകുന്ന ഭരണപരവും അക്കാദമികവുമായ ആശങ്കകളും പരാതികളും യഥാസമയം പരിഹരിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം എന്ന നിലയിൽ വിദ്യാർഥി ക്ഷേമസമിതി രൂപീകരിക്കും. ഈ സമിതിയുടെ ചെയർമാൻ സ്വീകാര്യതയുള്ള ഒരു സീനിയർ ഫാക്കൽറ്റി അംഗമായിരിക്കും.
പട്ടികജാതി - പട്ടികവർഗ വിഭാഗത്തിലും മറ്റ് അരികുവത്‌കൃത വിഭാഗങ്ങളിലുംപെട്ട വിദ്യാർഥികളുടെയും ജീവനക്കാരുടെയും പരാതികൾ യഥാസമയം പരിശോധിച്ച് പരിഹരിക്കാൻ സോഷ്യൽ ജസ്റ്റിസ് കമ്മിറ്റി രൂപീകരിക്കും എന്നീ ഉറപ്പുകളാണ് മന്ത്രി വിദ്യാർഥി പ്രതിനിധികൾക്ക് നൽകിയത്.
also read: കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജി വച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍