തിരുവനന്തപുരം: മദ്യനയത്തിൽ ടൂറിസം മേഖലയെ പരിഗണിച്ചത് നല്ലതാണെന്നും ക്ലാസിഫിക്കേഷനുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പുമായി ചർച്ച നടത്തുന്നുണ്ടെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം കേസരിയിൽ നടന്ന മീറ്റ് ദി പ്രസിൽ മാധ്യമങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. സഞ്ചാരികൾ കൂടുതൽ കേരളത്തിലേക്ക് വരുന്നതിനടക്കം പുതിയ നയം കാരണമാകുമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം മേഖലയെ കുറിച്ചും പൊതുമരാമത്തിന്‍റെ വികസനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
വെഡിങ് ഡെസ്റ്റിനേഷനായി കേരളം മാറിയെന്നും സിനിമ ടൂറിസം പദ്ധതി വകുപ്പിന്‍റെ പുതിയ ആലോചനയിലാണെന്നും പറഞ്ഞ മന്ത്രി പഴയകാല ഹിറ്റ് സിനിമകൾ ചിത്രീകരിച്ച ഇടങ്ങളെ ടൂറിസം കേന്ദ്രങ്ങൾ ആക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. തിരുവനന്തപുരം വെള്ളായണിയിലെ 'കിരീടം പാല'വും 'ബോംബെ' സിനിമയുടെ ഭാഗമായ കാസർഗോഡ് ബേക്കൽ കോട്ടയും ഇതിനായി തെരഞ്ഞെടുത്തുവെന്നും അദ്ദേഹം അറിയിച്ചു.
നൈറ്റ് ടൂറിസത്തിന് കൂടുതൽ സാധ്യതയുള്ളതിനാൽ ഇതിന് വേണ്ട നടപടികൾ എടുക്കും. ഇതിനായി മാറ്റങ്ങൾ കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാരും മറ്റും രാത്രി സഞ്ചാരികൾക്കെതിരെ തിരിയുന്നുവെന്ന പരാതിയെ സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. കൂടാതെ വിലക്കയറ്റം ഫെസ്റ്റിവൽ ടൂറിസത്തെ ബാധികാതിരിക്കാൻ നടപടി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ലക്ഷ്യം കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 5 വർഷം കൊണ്ട് 100 പാലം എന്നതാണ് വകുപ്പ് ലക്ഷ്യം വയ്‌ക്കുന്നത്. രണ്ട് വർഷം കൊണ്ട് 50 പാലത്തിന്‍റെ പണി കഴിഞ്ഞു. 5 വർഷം കൊണ്ട് ബി എം ആൻഡ് ബി സി റോഡുകൾ ആയി കേരളത്തിലെ റോഡുകൾ മാറുമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും നിലവാരം കൂടിയ റോഡ് നിർമാണ രീതിയാണ് ബി എം ആൻഡ് ബി സി രീതി. ചിപ്പിങ് കാർപ്പറ്റിനേക്കാൾ മൂന്നിരട്ടിയാണ് ഇതിന്‍റെ ഗുണനിലവാരം. ഇത്തരം റോഡുകൾ നിർമിച്ചാൽ നാലഞ്ച് വർഷത്തേക്ക് കുഴപ്പമുണ്ടാകില്ല. സംസ്ഥാനത്ത് പിഡബ്ലിയുഡിയുടെ കീഴിലുള്ള 30,000 കിലോ മീറ്റർ റോഡുകളിൽ 50 ശതമാനം അഞ്ച് വർഷം കൊണ്ട് ഈ നിലവാരത്തിൽ നവീകരിക്കാനാണ് വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇത് രണ്ടു വർഷവും രണ്ടു മാസവും കൊണ്ടു യാഥാർഥ്യമാക്കിയിരിക്കുകയാണ്.
ഇത് വകുപ്പിന് വലിയ നേട്ടമാണെന്ന് പറഞ്ഞ മന്ത്രി ശേഷിക്കുന്ന റോഡുകളും പരമാവധി ഈ രീതിയിൽ നവീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. അതേസമയം അഴിമതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ആരാണ് കരാറുകാരൻ, ആർക്കാണ് ഉത്തരവാദിത്ത ചുമതല എന്ന് അറിയാത്തതാണ് അഴിമതിക്ക് കാരണമെന്നും ഇവയ്‌ക്ക് പരിഹാരം കാണുന്നതിനായി റോഡിനരികെ ഇവരുടെ പേര് വിവരങ്ങൾ പതിപ്പിച്ച ബോർഡുകൾ സ്ഥാപിച്ചുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
READ ALSO: Cinema Tourism Project | വിനോദ സഞ്ചാര മേഖലയെ ഉത്തേജിപ്പിക്കാൻ കേരളം; പിന്തുണ അറിയിച്ച് മണിരത്‌നം