തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പ് (PWD) പൂര്‍ണമായും ഇ-ഓഫിസ് (E-Office) സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബര്‍ അവസാനത്തോടെ പൂര്‍ണമായും ഇ-ഓഫിസ് സംവിധാനം നടപ്പിലാക്കും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ (Muhammed Riyas) അധ്യക്ഷതയില്‍ ചേര്‍ന്ന പിഡബ്ല്യുഡി മിഷന്‍ ടീം (PWD Mission team) യോഗത്തിലാണ് തീരുമാനം.
സര്‍ക്കിള്‍ ഓഫിസുകളിലേയും ഡിവിഷന്‍ ഓഫിസുകളിലേയും പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. സബ് ഡിവിഷന്‍ ഓഫീസുകളും സെക്ഷന്‍ ഓഫിസുകളും രണ്ടാം ഘട്ടത്തില്‍ ഇ- ഓഫിസാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് ഇ- ഓഫിസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
പൂര്‍ണമായും ഇ- ഓഫിസ് സംവിധാനത്തിലേക്ക് മാറുമ്പോള്‍ വകുപ്പിലെ ഫയല്‍ നീക്കത്തില്‍ സുതാര്യത ഉറപ്പുവരുത്താനും കഴിയും. വകുപ്പിനെ പേപ്പര്‍ രഹിതമാക്കാനും ലക്ഷ്യമിടുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
ഈ സംവിധാനം നിലവില്‍ വരുന്നതോടെ സെക്ഷന്‍ ഓഫിസ് മുതല്‍ സെക്രട്ടേറിയറ്റ് വരെ ഇ- ഓഫിസിന് കീഴിലാകും. ചീഫ് എഞ്ചിനീയര്‍ ഓഫിസ് മുതല്‍ സെക്ഷന്‍ ഓഫിസ് വരെ ഒരു സോഫ്റ്റ് വെയറാണ് നിലവില്‍ വരിക. അടിയന്തരമായി തീരുമാനമെടുക്കേണ്ട ഫയലുകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാനാകും.
ഫയലുകള്‍ തപാലില്‍ അയക്കുന്നതിനുള്ള സമയം ലാഭിക്കാനുമാകും. മറ്റ് ജില്ലകളിലേക്കും സെക്ഷനുകളിലേക്കുമുള്ള ഫയല്‍ നീക്കത്തിന് സാധാരണയായി ദിവസങ്ങള്‍ എടുക്കും. ഇ- ഫയല്‍ സിസ്റ്റത്തില്‍ ഇത് പൂര്‍ണമായും ഒഴിവാക്കാം. ഫയല്‍ നീക്കം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നീരീക്ഷിക്കാനും സൗകര്യമുണ്ടാകും.
എവിടെ എങ്കിലും തടസം നേരിട്ടാല്‍ അത് ഒഴിവാക്കാനായി ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാനാകും. അനാവശ്യ കാലതാമസം ഒഴിവാക്കാനും കഴിയും. ഇ- ഓഫിസ് സംവിധാനം നിലവില്‍ വരുമ്പോള്‍ ഫയല്‍ നീക്കത്തിന് കൃത്യമായ സമയക്രമം കൊണ്ടുവരാനും ഉദ്ദേശിക്കുന്നുണ്ട്.