തിരുവനന്തപുരം : അപേക്ഷകൾ കുന്നുകൂടിയതോടെ നെൽ വയൽ തരം മാറ്റാൻ അദാലത്തുമായി റവന്യു വകുപ്പ്. ഭൂമിതരം മാറ്റാൻ റവന്യു ഡിവിഷൻ ഓഫീസർമാർക്കൊപ്പം ഡെപ്യൂട്ടി കളക്ടർമാർക്കും അധികാരം നൽകുന്ന ഭൂപതിവ് ഭേദഗതി ബില്ല് ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിലാണ് 25 സെന്‍റ് വരെ സൗജന്യ തരം മാറ്റത്തിനായി അദാലത്ത് വിളിക്കാൻ തീരുമാനിച്ചതെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
മന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ വില്ലജ് ഓഫീസ് മുതൽ കളക്ടർമാർ വരെയുള്ളവരുടെ യോഗത്തിലാണ് തീരുമാനമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 25 സെന്‍റ് വരെയുള്ള 1,18,253 അപേക്ഷകളാണ് നിലവിൽ റവന്യു ഓഫീസുകളിൽ കെട്ടികിടക്കുന്നത്.
ഏറ്റവും കുറവ് അപേക്ഷകളുള്ള മാനന്തവാടിയിൽ ജനുവരി 15 നാകും ആദ്യ അദാലത്ത് നടക്കുക. ഏറ്റവും കൂടുതൽ അപേക്ഷകരുള്ള ഫോർട്ട് കൊച്ചി ആർ ഡി ഒ ഓഫീസിൽ ഫെബ്രുവരി 17 നാകും അദാലത്ത് അവസാനിപ്പിക്കുക.
പുതിയ അപേക്ഷകർക്കും അദാലത്തിൽ പങ്കെടുക്കാം. നേരത്തെ അപേക്ഷിച്ചവർക്ക് അദാലത്തിൽ ഹാജരാകാൻ നിർദേശിച്ച് ലഭിക്കുന്ന സന്ദേശവും ടോക്കൺ നമ്പറുമായി അദാലത്തിൽ പങ്കെടുക്കാം. നിലവിൽ മുൻഗണന സംവിധാനത്തിലാണ് ഭൂമി തരം മാറ്റം. എന്നാൽ അദാലത്തിൽ ക്ലസ്റ്റർ അടിസ്ഥാനത്തിലാകും അപേക്ഷകൾ പരിശോധിക്കുക.
അദാലത്തിനായി ഡെപ്യൂട്ടി കളക്ടർമാർ കൂടി ആർ ഡി ഒ യുടെ ചുമതല വഹിക്കും. 181 ക്ലാർക്ക് തസ്തികയും 63 ജൂനിയർ സൂപ്രണ്ട് തസ്തികയും 123 സർവ്വേയർമാരെ തത്കാലികമായും അദാലത്തിനായി നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.