തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കറുകച്ചാല്‍, നെടുങ്കുന്നം, കങ്ങഴ പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിലവില്‍ 0.6 ദശലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള സംഭരണിയാണുള്ളത്. ഇത് നാല് ദശലക്ഷം ലിറ്റര്‍ ആയി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും.
ആധുനിക ശുദ്ധീകരണ പ്ലാന്റ് സംവിധാനം സ്ഥാപിക്കും. നവംബര്‍ പതിനഞ്ചിന് നടന്ന ഉന്നതതലയോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും ഡോ. എന്‍. ജയരാജ് എംഎല്‍എക്ക് മന്ത്രി മറുപടി നല്‍കി. കുടിവെള്ള പദ്ധതിയിലെ അശാസ്ത്രീയ ട്രീറ്റ്‌മെന്റ് സംവിധാനം കാലോചിതമായി പരിഷ്‌കരിക്കണമെന്നും സംഭരണ ടാങ്ക് ആവശ്യാനുസരണം വിപുലീകരിക്കണമെന്നും ഇത് സംബന്ധിച്ച സബ്‌മിഷന്‍ അവതരിപ്പിച്ച ഡോ. എന്‍ ജയരാജ് ആവശ്യപ്പെട്ടു.