തിരുവനന്തപുരം: മഹാബലിയും കേരളത്തിലെ ഓണാഘോഷവും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്‌തുകൊണ്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍ നടത്തിയ പ്രസ്‌താവനക്ക് എതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ മുരളീധരന്‍ മനപ്പൂര്‍വം ശ്രമിക്കുകയാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. ജാതി മത ഭേദമന്യേ കേരളീയർ ഓണം ആഘോഷിച്ച് ഒരാഴ്‌ച പിന്നിടുമ്പോൾ, മഹാബലി കേരളം ഭരിച്ചതായി ചരിത്രമൊന്നുമില്ലെന്നും അതൊരു മിഥ്യയാണെന്നുമാണ് മുരളീധരൻ പറഞ്ഞത്.
ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ഓണാഘോഷത്തിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്‌താവന. 'ഇതിഹാസ രാജാവായ മഹാബലി എങ്ങനെ കേരളത്തിലെ ഓണാഘോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അറിയില്ല. മഹാബലി ജനിച്ചത് കേരളത്തില്‍ അല്ല, പുരാണങ്ങള്‍ പ്രകാരം മഹാബലി നര്‍മദ നദീതീരത്തെ രാജ്യം ഭരിച്ചിരുന്ന രാജാവായിരുന്നു. ചവിട്ടി താഴ്‌ത്തിയതിലൂടെ വാമനന്‍ മഹാബലിക്ക് മോക്ഷം നല്‍കുകയാണ് ചെയ്‌തത്', മുരളീധരന്‍ പറഞ്ഞു.
'ജാതി മത ഭേതമന്യേ മലയാളികള്‍ ഒത്തുചേരുന്നതില്‍ ആര്‍എസ്‌എസ് അസ്വസ്ഥരാണ്. കേന്ദ്രമന്ത്രി മുരളീധരന്‍റെ പ്രസ്‌താവന തമാശയായി കാണേണ്ട ഒന്നല്ല. ആര്‍എസ്എസിന്‍റെ രാഷ്‌ട്രീയ അജണ്ട കേരളത്തില്‍ നടപ്പിലാകില്ലെന്ന് മനസിലാക്കിയതിനാല്‍ അവര്‍ ഇത്തരം പ്രസ്‌താവനകള്‍ ഇറക്കുന്നു', മന്ത്രി റിയാസ് പറഞ്ഞു.
മുരളീധരന്‍റെ പ്രസ്‌താവനക്കെതിരെ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും രംഗത്തു വന്നിരുന്നു. മഹാബലി ജനിച്ചത് കേരളത്തില്‍ അല്ല എന്ന് ആധികാരികമായി പറയാന്‍ വി മുരളീധരന്‍ മഹാബലിക്ക് ഒപ്പമാണോ ജനിച്ചത് എന്നായിരുന്നു ജയരാജന്‍ ചോദിച്ചത്.
ഓണാഘോഷം വാമന ജയന്തിയാണെന്ന് പറഞ്ഞ് ബിജെപി നേരത്തെയും വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. പൊതു ഐതിഹ്യത്തിന് വിരുദ്ധമായി കേരളത്തിലെ ആർഎസ്എസ് ഓണാഘോഷത്തെ വാമനജയന്തിയായി വിശേഷിപ്പിച്ചതിന് പിന്നാലെ 2016ൽ അന്നത്തെ ബിജെപി അധ്യക്ഷൻ അമിത് ഷാ കേരളത്തിലെ ജനങ്ങൾക്ക് വാമനജയന്തി ആശംസകൾ നേരുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് പ്രസ്‌താവന പിൻവലിക്കാൻ അമിത് ഷായോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.