തിരുവനന്തപുരം : ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പൊതുവേ അനുകൂലമായ സാഹചര്യത്തിലാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വരുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേതാക്കൾ വ്യക്തമാക്കും. സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണവും ദേശീയ രാഷ്‌ട്രീയത്തിൽ ഇടതുപക്ഷം സ്വീകരിക്കുന്ന ശക്തമായ നിലപാടുകളും തെരഞ്ഞെടുപ്പിൽ അനുകൂലമാകും. എൽഡിഎഫ് യോഗത്തിന് ശേഷമാകും സ്ഥാനാർഥിയെ നിർണയിക്കുകയെന്നും മന്ത്രി റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നലെ (08.08.2023) വൈകിട്ടാണ് ഇലക്ഷൻ കമ്മിഷൻ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിനുള്ള ഉത്തരവ് ഇറക്കിയത്. സെപ്റ്റംബർ 5നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിനും നടക്കും.
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മനാണ് മത്സരിക്കുന്നത്. നേരത്തെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്നലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് പ്രഖ്യാപനം നടത്തിയത്.
സിപിഎം സ്ഥാനാർഥി പ്രഖ്യാപനം ശനിയാഴ്‌ചയോടെ ഉണ്ടാകും എന്നാണ് സൂചന. കഴിഞ്ഞ തവണ മത്സരിച്ച ജെയ്‌ക് സി തോമസ് അടക്കം നാല് പേരാണ് നിലവിൽ സിപിഎമ്മിന്‍റെ പരിഗണനയിലുള്ളത്. അതേസമയം, മത്സരരംഗത്ത് പൊതുസ്വതന്ത്രൻ വേണമെന്ന അഭിപ്രായവും ശക്തമാണ്. ഇക്കാര്യങ്ങളിൽ സിപിഎം നേതൃയോഗം അന്തിമ തീരുമാനം എടുക്കും.
എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. 18ന് സൂക്ഷ്‌മ പരിശോധന നടക്കും. 21നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
അതേസമയം പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിത്വം വലിയ ഉത്തരവാദിത്തമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ഏഴുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികസനവും ഭരണവും ചര്‍ച്ചയാകുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
എന്നാല്‍ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉജ്ജ്വല വിജയം നേടുമെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിക്കുകയുണ്ടായി. 2021ല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി നേടിയതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കുമെന്നും വി ഡി സതീശന്‍ അവകാശപ്പെട്ടു.