തിരുവനന്തപുരം: മദ്യത്തിനും പെട്രോള്‍-ഡീസല്‍ എന്നിവയ്ക്കും ബജറ്റില്‍ സെസ് ഏര്‍പ്പെടുത്തിയ നടപടിയെ ശക്തമായി ന്യായീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാധാരണക്കാര്‍ക്ക് അല്‍പം ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ഇതൊരു സാമൂഹിക സുരക്ഷ പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. ഈ പണം പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനു മാത്രമേ ഉപയോഗിക്കുകയുള്ളുവെന്നും ഈ ഇനത്തില്‍ ലഭിക്കുന്ന പണം ഒരു സീല്‍ഡ് മണിയായിരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
'സാമൂഹിക സുരക്ഷ പെന്‍ഷന്‍ വര്‍ധിപ്പിക്കാതിരുന്നതിനെയും മന്ത്രി ന്യായീകരണമുന്നയിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് 200 കോടി രൂപയായിരുന്നു സാമൂഹ്യ സുരക്ഷ പെന്‍ഷന് ആവശ്യമായിരുന്നെങ്കില്‍ ഇന്ന് അത് 900 കോടി രൂപയാണ്. പ്രതിവര്‍ഷം ഏകദേശം 11,000 കോടി രൂപ ഇക്കാര്യത്തില്‍ ആവശ്യമുണ്ട്'.
'ഈ പാദ വര്‍ഷത്തില്‍ സംസ്ഥാനത്തിന് ഇനി വെറും 937 കോടി രൂപ മാത്രമാണ് ലഭിക്കുക. ഇത്രയും ഭീമമായ തുക ആവശ്യമുള്ളതു കൊണ്ടാണ് ഇത്തവണ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ കഴിയാത്തത്. മാത്രമല്ല, സംസ്ഥാനത്തിന് ഈ പാദവര്‍ഷത്തില്‍ ലഭിക്കേണ്ട ജി.എസ്.ടി വിഹിതത്തില്‍ 2700 കോടി രൂപ വെട്ടിക്കുറച്ച് കൊണ്ടുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം ലഭിച്ചു'-മന്ത്രി അഭിപ്രായപ്പെട്ടു.
ഭൂമിക്ക് ന്യായവില വര്‍ധിപ്പിച്ചത് ഏറ്റവും ഒടുവില്‍ 2010ലാണ്. അതിനാലാണ് ഇപ്പോള്‍ ന്യായവില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്നുള്ള പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്നും സംസ്ഥാനത്തിന്‍റെ ധന കമ്മി 3.60 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.