തിരുവനന്തപുരം : കെ.റെയിൽ പദ്ധതിക്കായി കല്ലിട്ടതിന്‍റെ പേരിൽ ഭൂമി ക്രയവിക്രയം ചെയ്യുന്നതിനോ കരം അടയ്ക്കുന്നതിനോ യാതൊരു തടസവുമില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ഭൂമിക്ക് കരമടയ്ക്കാൻ സാധിക്കുന്നില്ല എന്ന തെറ്റായ പ്രചരണം നടക്കുന്നുണ്ടെന്നും ഇത് ശരിയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്നും നീക്കമുണ്ടായാല്‍ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
കേന്ദ്ര റെയിൽ ബോർഡിന്‍റെ അനുമതിയ്‌ക്ക് ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ. പദ്ധതിയുടെ സർവേയ്ക്ക് വേണ്ടി നിയോഗിച്ച ഉദ്യോഗസ്ഥരെ പിൻവലിച്ചിട്ടുണ്ട്. ഇവരെ മറ്റ് പദ്ധതികൾക്കായി നിയോഗിച്ചതായും മന്ത്രി അറിയിച്ചു.
സർവേ നടപടികൾക്കായി കെ റെയിൽ റവന്യൂ വകുപ്പിന് കണ്ടിജൻസി ചാർജായി 20 കോടിയിൽ 50 ലക്ഷം രൂപ അടച്ചിട്ടുണ്ട്. ഇതിൽ 8. 52 കോടി രൂപ ചെലവഴിച്ചു. സാമൂഹിക ആഘാത പഠനത്തിനുവേണ്ടിയാണ് ഈ തുക ചെലവഴിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസം വരാതിരിക്കാനാണ് സാമൂഹികാഘാത പഠനം നടത്തിയത്. അനുമതിക്ക് മുൻപ് നടത്തുന്ന പഠനമാണ് നടത്തിയത്. എല്ലാ വികസന പദ്ധതികളിലും ഇങ്ങനെ തന്നെയാണ് പ്രവർത്തനം നടത്തുന്നത്.
സർവേ നടത്തി കുറ്റി സ്ഥാപിച്ചത് സാമൂഹിക പഠനത്തിന്‍റെ ഭാഗമായി ഭൂമി നിശ്ചയിക്കുന്നതിന് വേണ്ടിയാണ്. അതിരടയാള കല്ല് ഭൂമി ഏറ്റെടുക്കാനുള്ള കുറ്റിയടിക്കലല്ല. ഭൂമി അളക്കാനുള്ള കല്ലുകള്‍ മാത്രമാണവ. ഒരു സെന്‍റ് ഭൂമി പോലും പദ്ധതിക്കായി എടുത്തിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.