തിരുവനന്തപുരം: നഗരത്തിലേക്ക് ജലമെത്തിക്കുന്ന അരുവിക്കര ഡാമിന്റെ സംഭരണ ശേഷി വര്‍ധിപ്പിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഇതിന്റെ ഭാഗമായി ഡാമിലെ മുഴുവന്‍ എക്കല്‍ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. മംഗലം ഡാമില്‍ അവലംബിക്കുന്ന മാതൃകയിലാണ് സംഭരണ ശേഷി വര്‍ധിപ്പിക്കുക. ഡാമിന്‍റെ സംഭരണശേഷി കൂട്ടുന്നതിന്‍റെ ഭാഗമായി ലഭിക്കുന്ന മണലും കളിമണ്ണും വില്‍ക്കുന്നതിലൂടെ ഇതിന് വേണ്ട ചെലവ് കണ്ടെത്താന്‍ കഴിയുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
48 ഹെക്ടര്‍ ജല വ്യാപന പ്രദേശമുള്ള അരുവിക്കര ഡാമില്‍ ഇപ്പോള്‍ ഏറിയ ഭാഗവും ജൈവ അജൈവ മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് അരുവിക്കര എംഎല്‍എ കെ.എസ്.ശബരീനാഥന്‍ നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.