തിരുവനന്തപുരം: സ്‌മാര്‍ട്ട് മീറ്റർ പദ്ധതി സർക്കാർ നേരിട്ട് നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍ കുട്ടി. കേന്ദ്ര സർക്കാരിൻ്റെ ആർഡിഎസ്എസ് പദ്ധതിയിൽ നിന്ന് സംസ്ഥാനം പിൻമാറിയിട്ടില്ലെന്നും അദ്ദേഹം. നിയമസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സമാർട്ട് മീറ്ററുകൾ സ്ഥാപിക്കണമെന്ന കേന്ദ്ര നിർദേശം ഉപേക്ഷിച്ചിട്ടില്ല. ഇത് സംബന്ധിച്ച റിപ്പോർട്ട് തേടിയിട്ടുണ്ട്. പദ്ധതി രണ്ട് രീതിയിൽ നടപ്പാക്കുന്നതിനെ കുറിച്ച് അഭിപ്രായമുണ്ടെന്നും മന്ത്രി പറഞ്ഞു. തൊഴിലാളി സംഘടനകൾ ടോട്ടെക്‌സ് മാതൃകയെയാണ് എതിർക്കുന്നതെന്നും സ്‌മാര്‍ട്ട് മീറ്റർ പദ്ധതിയെയല്ലെന്നും മന്ത്രി കെ പറഞ്ഞു.
എന്താണ് സ്‌മാര്‍ട്ട് മീറ്റര്‍ പദ്ധതി: മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പോലെ സംസ്ഥാനത്തെ വൈദ്യുതി വിതരണം സുഗമമാക്കുന്നതിനുള്ള പദ്ധതിയാണ് സ്‌മാര്‍ട്ട് മീറ്റര്‍ പദ്ധതി. ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ റീചാര്‍ജ് പോലെ പ്രീപെയ്‌ഡ്. പോസ്റ്റ് പെയ്‌ഡ് രീതിയില്‍ വൈദ്യുതി വിതരണം നടപ്പാക്കാന്‍ കഴിയുന്നതാണ് പദ്ധതി. വൈദ്യുതിയുടെ ഉപയോഗം അളക്കുന്നതാണ് മീറ്ററിന്‍റെ ജോലി. സാങ്കേതികമായി പറഞ്ഞാല്‍ ബൈ ഡയറക്ഷണല്‍ ഡാറ്റാ കമ്മ്യൂണിക്കേഷന്‍ എബിലിറ്റിയുള്ള മീറ്ററുകളാണ് സ്‌മാര്‍ട്ട് മീറ്ററുകള്‍. വീടുകളിലെ സ്‌മാര്‍ട്ട് മീറ്ററുകള്‍ കെഎസ്‌ഇബി ഓഫിസിലെ സെര്‍വറുമായി നെറ്റ്വര്‍ക്കിലൂടെ ബന്ധിപ്പിക്കും. ഇത്തരത്തില്‍ ബന്ധിപ്പിച്ചാല്‍ ഓരോ വീട്ടിലെയും വൈദ്യുതി മീറ്ററിനെയും വൈദ്യുതി വിതരണത്തെയും കെഎസ്‌ഇബി ജീവനക്കാര്‍ക്ക് ഓഫിസിലിരുന്ന് നിയന്ത്രിക്കാനാകും. മൊബൈല്‍ പ്രീപെയ്‌ഡ് റിചാര്‍ജ് പോലെ വൈദ്യുതി ബില്‍ നേരത്തെ അടയ്‌ക്കുക. അടച്ച തുകയ്‌ക്കുള്ള വൈദ്യുതി ഉപയോഗിച്ച് കഴിഞ്ഞാല്‍ വീട്ടിലെ വൈദ്യുതി ബന്ധം താനെ വിച്ഛേദിക്കപ്പെടും. ഇത്തരത്തില്‍ റീചാര്‍ജ് ചെയ്‌താല്‍ പകല്‍ സമയങ്ങളിലോ രാത്രിയിലോ വൈകുന്നേരങ്ങളിലോ ടൈം സ്‌ളോട്ടുകള്‍ അനുസരിച്ച് ഉപയോഗിക്കാനാകും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വൈദ്യുതി വേണ്ട ഘട്ടങ്ങളില്‍ കൂടുതല്‍ തുക പ്രീപെയ്‌ഡായി നല്‍കണം.
സ്‌മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ നേട്ടങ്ങള്‍: സംസ്ഥാനത്ത് ഇത്തരം പദ്ധതി കൊണ്ടി വരികയാണെങ്കില്‍ വൈദ്യുതിയുടെ ഉപയോഗത്തില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് പദ്ധതി അനുകൂലിക്കുന്നവര്‍ പറയുന്നത്. കെഎസ്‌ഇബി ജീവനക്കാര്‍ നേരിട്ടെത്താതെ തന്നെ വൈദ്യുതി ബില്‍ അടയ്‌ക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കാനാകും. മൊബൈല്‍ പോലെ തന്നെ പ്രീപെയ്‌ഡ്, പോസ്റ്റ് പെയ്‌ഡ് സംവിധാനം നടപ്പിലാക്കാം. ബില്ലിങ്, കലക്‌ഷന്‍ എന്നിവയുടെ കാര്യക്ഷമത വര്‍ധിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കെഎസ്‌ഇബിക്ക് കുടിശിക ഇല്ലാതാകും.
പദ്ധതി എതിര്‍ക്കാനുള്ള കാരണം: സ്‌മാര്‍ട്ട് മീറ്റര്‍ പദ്ധതി കൊണ്ടു വരുന്നതില്‍ ധാരാളം ഗുണങ്ങള്‍ ഉണ്ടെങ്കിലും അതിനൊപ്പം നിരവധി പേര്‍ അതിനെ എതിര്‍ക്കുന്നുമുണ്ട്. വൈദ്യുതി വിതരണവും കെഎസ്‌ഇബിയുമായും ബന്ധപ്പെട്ടുള്ള നിരവധി ജീവനക്കാരുടെ തൊഴില്‍ അവസരങ്ങള്‍ പദ്ധതി നടപ്പിലാക്കുന്നതോടെ ഇല്ലാതാകും. യൂണിയനുകളാണ് പദ്ധതി കൊണ്ടു വരുന്നതില്‍ കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്. അതിന് കാരണവും ഇതാണ്. ജീവനക്കാരെ ഒഴിവാക്കുന്ന സംവിധാനം നടപ്പിലാക്കുന്നതിനോടാണ് യൂണിയനുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.