തിരുവനന്തപുരം : ഉള്ളൂരിലെ സപ്ലൈകോ പെട്രോള്‍ പമ്പില്‍ ആക്രമണം നടത്തിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. സംഭവ സ്ഥലത്ത് മന്ത്രി സന്ദര്‍ശനം നടത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പമ്പുകളില്‍ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി ജി.ആര്‍ അനില്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു (Minister GR Anil About Petrol Pump Attack).
ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജീവനക്കാരന്‍ രാജേഷ് കുമാറിനെ മന്ത്രി സന്ദര്‍ശിച്ചിരുന്നു. ഇന്നലെ (ഒക്‌ടോബര്‍ 1) വൈകിട്ട് ആറ് മണിയോടെയാണ് ഉള്ളൂരിലെ സപ്ലൈകോയുടെ പെട്രോള്‍ പമ്പില്‍ സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ പമ്പിലെ ചില്ലുകള്‍ തകരുകയും ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. പമ്പിലെ സൂപ്പര്‍വൈസര്‍ രാജേഷ് കുമാറിനാണ് ഗുരുതരമായി പരിക്കേറ്റത്.
സംഘര്‍ഷത്തിനിടെ പമ്പിന്‍റെ ഓഫിസിലേക്ക് യുവാക്കള്‍ തള്ളി കയറാന്‍ ശ്രമിക്കുകയും ചില്ല് പൊട്ടി രാജേഷ് കുമാറിന്‍റെ തലയിലേക്ക് വീഴുകയുമായിരുന്നു. തലയ്ക്ക് പരിക്കേറ്റ രാജേഷ് കുമാറിനെ ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി എസ്‌യുടി ആശുപത്രിയിലേക്ക് മാറ്റി. ബൈക്കിലെത്തിയ യുവാവ് റേസ് ചെയ്‌തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ബൈക്ക് റേസ് ചെയ്‌തതില്‍, കാറിലെത്തിയ യാത്രക്കാരന്‍ യുവാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതാണ് ആക്രമണത്തിന് കാരണമായത്. തര്‍ക്കത്തിന് പിന്നാലെ തിരികെ പോയ ബൈക്ക് യാത്രികന്‍ പിന്നീട് 5 പേരുമായി തിരിച്ചെത്തി പമ്പില്‍ സംഘം ചേര്‍ന്ന് ആക്രമണം നടത്തുകയായിരുന്നു.
സംഭവത്തില്‍ രാഹുല്‍ എന്നയാളെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്‌തു. സംഘര്‍ഷത്തിനിടെ അറസ്റ്റിലായ രാഹുലിനും പരിക്കേറ്റിരുന്നു. രാഹുലും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ആശുപത്രിയില്‍ നിന്നുമാണ് പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ആറ് പേരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. കേസില്‍ ഉള്‍പ്പെട്ട ബാക്കിയുള്ളവര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. അതേസമയം അറസ്റ്റിലായ രാഹുലിനെ റിമാന്‍ഡ് ചെയ്‌തു.