തിരുവനന്തപുരം : ഓണക്കാലത്ത് ഭക്ഷ്യക്കിറ്റ് വാങ്ങാത്ത മുന്‍ഗണനാ കാര്‍ഡ് ഉടമകളുടെ കണക്കെടുപ്പിന് ഭക്ഷ്യവകുപ്പ്. അനര്‍ഹരുടെ കയ്യില്‍ മുന്‍ഗണനാ കാര്‍ഡുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.
കിറ്റ് വിതരണം ഇന്നത്തോടെ (31-08-2021) അവസാനിക്കും. അടുത്തമാസം മുതല്‍ കിറ്റ് നല്‍കണോ എന്ന കാര്യത്തില്‍ മന്ത്രിസഭ തീരുമാനമെടുക്കും
സര്‍ക്കാരിന്‍റെ നൂറ് ദിനം പിന്നിടുമ്പോള്‍ ഓഗസ്റ്റ് മാസത്തെ റേഷന്‍ 97% ആളുകള്‍ വാങ്ങിയിട്ടുണ്ട്. 93.77% ആളുകള്‍ കിറ്റ് വാങ്ങി. നവംബര്‍ മാസത്തോടെ 100% മുന്‍ഗണനാ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ ഉറപ്പാണ്.
മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശംവച്ചിരിക്കുന്നവരില്‍ നിന്നും പിടിച്ചെടുത്ത് പൂര്‍ണമായും അര്‍ഹതയുള്ളവര്‍ക്ക് കൊടുക്കും
ആദിവാസി കേന്ദ്രങ്ങളിലും കിറ്റ് വാങ്ങാന്‍ കഴിയാതെ വന്നവര്‍ക്ക് മൊബൈല്‍ റേഷന്‍ കട സംവിധാനം വഴി വിതരണം ചെയ്യും
റേഷന്‍ വ്യാപാരികളുടെ ആവശ്യപ്രകാരം ഏഴ് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
റേഷൻ കടകൾ ഹൈടെക് ആകും
എല്‍.ഡി.എഫ് സര്‍ക്കാര്‍ 100 ദിനം പൂര്‍ത്തിയാക്കിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇതുവരെ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചത്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ താലൂക്കുകളിലും ശാസ്ത്രീയ ഗോഡൗണുകള്‍ തുടങ്ങും. കേരളത്തില്‍ സാധാരണക്കാര്‍ എത്തുന്ന റേഷന്‍ കടകളില്‍ ആധുനിക സംവിധാനം ഏര്‍പ്പെടുത്തും.
സ്‌മാര്‍ട്ട് കാര്‍ഡ്
ഭക്ഷ്യവകുപ്പിന്‍റെ സ്മാര്‍ട്ട് കാര്‍ഡുകള്‍ നവംബര്‍ ഒന്ന് മുതല്‍ നല്‍കിത്തുടങ്ങും. ഇതിന്‍റെ മാതൃക മന്ത്രി ചടങ്ങില്‍ പ്രസിദ്ധപ്പെടുത്തി. ജനസേവ കേന്ദ്രങ്ങളില്‍ നിന്നും കാര്‍ഡുകള്‍ പ്രിന്‍റ് എടുക്കാം.
റേഷന്‍ വ്യാപാരികളുടെ റിലേ സമരം ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്. കിറ്റ് വിതരണം സേവനമായി ഉള്‍ക്കൊള്ളണം.
ഇതുവരെ റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ നൂറ് ശതമാനം പരിഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.
Also read: മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് നൽകുമെന്ന് ഭക്ഷ്യമന്ത്രി