തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ധനസ്ഥിതി സംബന്ധിച്ച് ഒളിച്ച് വയ്ക്കാൻ ഒന്നുമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വിഷയ ദാരിദ്ര്യം മൂലമാണ് മറുപടി നൽകിയ കാര്യങ്ങൾ തന്നെ വീണ്ടും പ്രതിപക്ഷം ഉന്നയിക്കുന്നത്. രാജ്യത്തെ ഏറ്റവും കൂടുതൽ റവന്യൂ വരുമാനം ലഭിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം അഞ്ചാം സ്ഥാനത്തുണ്ട്.
അതിർത്തിയിലെ ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മുത്തങ്ങയിൽ, അതിർത്തിയിൽ വാഹനാപകടത്തിൽ തകർന്ന ക്യാമറ മാത്രമാണ് പ്രവർത്തിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്‌ടി പുനസംഘടന കേരളം മികച്ച മാതൃകയിലാണ് പുനസംഘടിപ്പിച്ചത്.
കർണാടക ജിഎസ്‌ടി കമ്മിഷണര്‍ അടക്കമുള്ള സംഘമെത്തി ഇതേ കുറിച്ച് പഠനം നടത്തിയിരുന്നു. ഇടത് സർക്കാറിനെ അപകീർത്തിപ്പെടുത്താൻ മാത്രമാണ് പ്രതിപക്ഷം ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ചോദ്യങ്ങൾക്ക് മറുപടിയില്ലെന്ന പ്രതിപക്ഷത്തിൻ്റെ പരാതി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാറിന് ഒന്നും ഒളിച്ച് വയ്ക്കാനില്ല. എക്സ്പെന്‍റിച്ചര്‍ കമ്മറ്റി റിപ്പോർട്ട് ലഭിച്ചിട്ടില്ല. അതിനാലാണ് സഭയിൽ സമർപ്പിക്കാത്തത്. അതിലും പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 10 ലക്ഷത്തിന് മുകളിലുള്ള ചെക്കുകൾക്കുള്ള നിയന്ത്രണം മാർച്ച് മാസങ്ങളിൽ പതിവുള്ളതാണ്.
പദ്ധതി പ്രവർത്തനങ്ങളെ ഇത് ബാധിക്കില്ല. കേന്ദ്രം സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നുണ്ടെന്നും അതില്‍ പ്രതിപക്ഷം ഒന്നും പറയുന്നില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന് അല്‍പമെങ്കിലും ആത്മാർഥത ഉണ്ടെങ്കിൽ പാചക വാതക വില വർധനവിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്താനെങ്കിലും തയ്യാറാകണമെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.