തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പരിഹാരം കാണുന്നതിന് താന്‍ ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരവും പ്രതിഷേധവും കാരണം പദ്ധതി പ്രവർത്തനം വൈകാൻ പാടില്ല എന്നതാണ് സർക്കാർ നിലപാട്. ഓണത്തിന് മുമ്പ് തന്നെ കപ്പൽ എത്തിക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
പദ്ധതി നടപ്പിലാക്കാന്‍ ആരുമായും സഹകരിച്ച് മുന്നോട്ട് പോകാന്‍ തയ്യാറാണ്. തുറമുഖ വിരുദ്ധ സമരം നടത്തുന്ന സമര സമിതി നേതാക്കളുമായി ആവശ്യമെങ്കിൽ ചർച്ച നടത്തും. ചർച്ച നടത്തില്ലെന്ന് ഒരു വാശിയും സർക്കാരിനില്ല. പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമം. ഇക്കാര്യത്തിൽ മന്ത്രിസഭയുടേത് കൂട്ടുത്തരവാദിത്വമാണെന്നും മന്ത്രി വ്യക്തമാക്കി.
സമര സമിതിക്ക് താനുമായി ചർച്ച ചെയ്യണമെങ്കിൽ ഏത് സമയവും സ്വാഗതമെന്നും മന്ത്രി നിയമസഭയിൽ ചോദ്യോത്തരവേളയിൽ വ്യക്തമാക്കി. തുറമുഖ നിർമാണം സംബന്ധിച്ച് എല്ലാ മാസവും അവലോകന യോഗം ചേരുന്നുണ്ട്. ഇന്നും ഇതുസംബന്ധിച്ച യോഗം ചേർന്നുകഴിഞ്ഞു. പാറക്കല്ലിന്‍റെ ദൗർലഭ്യവും പ്രതിഷേധവും മൂലം തടസപ്പെട്ട തുറമുഖ നിർമാണം ഉടൻ പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഓവർടൈമും തൊഴിലാളികളുടെ എണ്ണവും വർധിപ്പിക്കണം എന്ന് സർക്കാർ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങള്‍ തീരുമാനിക്കും. അതേസമയം വിഴിഞ്ഞം തുറമുഖ വിരുദ്ധ സമര സമിതിയുടെ പന്തൽ പൊളിക്കാനുള്ള കോടതി നിർദേശം സംബന്ധിച്ച ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി പറഞ്ഞില്ല.
കോടതിക്ക് മുന്നിലുള്ള വിഷയമായതിനാൽ അഭിപ്രായം പറയുന്നില്ല എന്നായിരുന്നു ഇക്കാര്യത്തില്‍ മന്ത്രിയുടെ മറുപടി. വിഴിഞ്ഞവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരുമായും ഉടക്കുന്ന സമീപനം സർക്കാരിനില്ലെന്നും പദ്ധതി വേഗത്തിൽ യാഥാർഥ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.