തിരുവനന്തപുരം: നാവിക സേനയുടെ യുദ്ധകപ്പലുകളുടെ ചെറു രൂപങ്ങൾ നിർമിച്ച് ശ്രദ്ധേയനാവുകയാണ് പത്താം ക്ലാസുകാരനായ ബി. ആരോമൽ. വിഴിഞ്ഞം തെന്നൂർക്കോണം സ്വദേശിയായ ആരോമൽ നിർമിച്ച കപ്പലുകളുടെ രൂപം കണ്ട് നാവിക സേന തന്നെ അഭിനന്ദനവുമായി എത്തുകയും ചെയ്തു.
ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെ ഇന്ത്യൻ നാവിക സേനയുടെ എല്ലാ യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും ചെറു രൂപങ്ങൾ ആരോമൽ നിർമിച്ചിട്ടുണ്ട്. വെറുതെ രൂപങ്ങൾ ഉണ്ടാക്കുക മാത്രമല്ല, ഓരോ കപ്പലുകളെക്കുറിച്ചും വിശദമായി പഠിക്കുകയും ചെയ്യുന്നുണ്ട് ആരോമൽ.
ആറാലുംമൂട് ശ്രീ വിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്‌കൂൾ വിദ്യാർഥിയായ ആരോമൽ നാല് മാസം മുമ്പാണ് കപ്പലുകളുടെ നിർമാണത്തിലേക്ക് കടക്കുന്നത്. കാർഡ്‌ബോർഡും പേപ്പറും ഉപയോഗിച്ചാണ് കപ്പൽ നിർമാണം. ഇന്ത്യയുടേതിന് പുറമെ അമേരിക്കൻ നാവികസേനയുടെ യുഎസ്‌എസ് സൂം വാൾട്ട്, യുഎസ്‌എസ് ജറാൾഡ് എന്നിവയുടെ കുഞ്ഞൻ മോഡലുകളും ആരോമലിന്‍റെ കരവിരുതിൽ ഒരുങ്ങിയിട്ടുണ്ട്.
Also Read: അരുണിന് ചെമ്പരത്തി ചെറിയ ചെടിയല്ല, അതറിയണമെങ്കില്‍ പൂക്കാടേക്ക് പോകണം
അമ്മ ശാലിനിയാണ് കപ്പലുകളുടെ വീഡിയോ ചിത്രീകരിച്ച് ആദ്യം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. അങ്ങനെയാണ് ആരോമലിന്‍റെ കരവിരുതിൽ വിരിഞ്ഞ കുഞ്ഞൻ കപ്പലുകൾ നാവിക സേന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലെത്തുന്നത്. ആരോമലിന്‍റെ കപ്പലുകൾ കണ്ട് ഇഷ്‌ടപ്പെട്ട നാവിക സേനയുടെ ദക്ഷിണ മേഖല കമാന്‍റിങ് ഇൻ ചീഫ് വൈസ് അഡ്‌മിറൽ എ.കെ ചൗള ആരോമലിനെയും കുടുംബത്തെയും നേരിട്ട് വിളിച്ച് അനുമോദിക്കുകയും ഒരു കപ്പലിന്‍റെ ശിൽപം ആരോമലിന് സമ്മാനിക്കുകയും ചെയ്തു.
കൂടാതെ പഴയ ഐഎൻഎസ് വിക്രാന്തിന്‍റെ ചെറു രൂപം നിർമിച്ചു നൽകാൻ അദ്ദേഹം ആരോമലിനോട് ആവശ്യപ്പെടുകയും ചെയ്തു. ഹോട്ടൽ ജീവനക്കാരനായ അച്ഛൻ ബാബുവും പൂർണ പിന്തുണയുമായി ആരോമലിനൊപ്പമുണ്ട്. ഭാവിയിൽ യുദ്ധകപ്പലുകൾ രൂപകൽപന ചെയ്യുന്ന നേവൽ ആർക്കിടെക്റ്റ് ആകണമെന്നാണ് ഈ കൊച്ചു മിടുക്കന്‍റെ ആഗ്രഹം.