തിരുവനന്തപുരം: എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനിക്കെതിരായ ജാതി അധിക്ഷേപത്തിൽ വേണ്ടതെല്ലാം ചെയ്‌തിട്ടുണ്ടെന്ന് സർക്കാർ നിയമസഭയില്‍. വിദ്യാർഥിനിയുടെ ആവശ്യം പരിഗണിച്ച് ഗവേഷണ കേന്ദ്രത്തിന്‍റെ മേധാവി സ്ഥാനത്ത് നിന്ന് ആരോപണവിധേയനായ നന്ദകുമാറിനെ മാറ്റി. ഇപ്പോൾ അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന ആവശ്യവുമായാണ് സമരം ചെയ്യുന്നത്. സർവകലാശാല നിയമമനുസരിച്ച് മാത്രമേ നടപടി എടുക്കാൻ കഴിയുവെന്നും സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു.
വീണ്ടും സമരവുമായി മുന്നോട്ട് പോകുന്നതിന്‍റെ താൽപര്യം എന്താണെന്ന് മനസിലാക്കണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി മന്ത്രി കെ.രാധാകൃഷ്‌ണൻ പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കൊണ്ടു വന്ന സബ്‌മിഷനിലായിരുന്നു മന്ത്രിയുടെ മറുപടി.
എന്നാല്‍ ജാതി അധിക്ഷേപം നടന്നുവെന്ന് സർവകലാശാല അന്വേഷണ കമ്മിഷൻ കണ്ടെത്തിയിട്ടും നടപടിയെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗവേഷണ പഠനം നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നിയമം അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കണമെന്നും സതീശൻ പറഞ്ഞു.
Also Read: വിജയ് സേതുപതിയെ ചവിട്ടിയാല്‍ 1001 രൂപ പാരിതോഷികം; വിവാദ പ്രസ്‌താവനയുമായി ഹിന്ദു മക്കള്‍ കക്ഷി
അതേസമയം ഗവേഷക വിദ്യാർഥിക്ക് വേണ്ടി വലിയ രീതിയിലുള്ള ഇടപെടൽ ഉണ്ടായെന്ന് മന്ത്രി സഭയിൽ വിശദീകരിച്ചു. ആരുടെയെങ്കിലും ഭാഗത്ത് നിന്ന് ബോധപൂർവമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ ചട്ടപ്രകാരം നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.