തിരുവനന്തപുരം: അറസ്റ്റിലായ വ്യക്തികള്‍, റിമാന്‍റ് തടവുകാര്‍ എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ സംബന്ധിച്ച് നിയമവകുപ്പ് നിര്‍ദേശിച്ച ഭേതഗതിയോടെ മെഡിക്കോ-ലീഗല്‍ പ്രോട്ടോകോളിനെ അംഗീകരിച്ച് മന്ത്രിസഭായോഗം. പുതിയ പ്രോട്ടോകോല്‍ പ്രകാരം പൊലീസ് കസ്റ്റഡിയിലെടുക്കുന്നവരെ 24 മണിക്കൂറിനുളളില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം.
സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമല്ലെങ്കില്‍ മാത്രം സ്വകാര്യ ആശുപത്രിയെ സമീപിക്കാം. കസ്റ്റഡി സമയത്ത് പരിക്കുകള്‍ ഉണ്ടങ്കില്‍ അതേ കുറിച്ച് പ്രതിയില്‍ നിന്നും വിവരം ശേഖരിച്ച് രേഖപ്പെടുത്തണം. സമഗ്രമായ ശരീര പരിശോധന നടത്തണം. സ്ത്രീകളായ പ്രതികളെ വനിതാ ഡോക്‌ടര്‍മാര്‍ തന്നെ പരിശോധിക്കണം. നിലവില്‍ ഏതെങ്കിലും രോഗത്തിന് ചികിത്സയിലാണോയെന്ന് പ്രത്യേകം മനസിലാക്കണം.
പീഡന മുറിവുകള്‍ ഉണ്ടെങ്കില്‍ അതും പ്രത്യേകം രേഖപ്പെടുത്തണമെന്നും പുതിയ പ്രോട്ടോകോളില്‍ നിര്‍ദേശമുണ്ട്. കസ്റ്റഡിമരണവും അതുസംബന്ധിച്ച പാരാതികളും ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് നിയമ വകുപ്പ് മെഡിക്കോ-ലീഗല്‍ പ്രോട്ടോകോള്‍ പരിഷ്‌കരിച്ചത്.