തിരുവനന്തപുരം: ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ നഗരത്തിൽ ഒറ്റപ്പെട്ടതിനെ തുടര്‍ന്ന് പുത്തരിക്കണ്ടത്ത് പാർപ്പിച്ചിരിക്കുന്നവർക്ക് ആരോഗ്യപരിശോധനകൾ നടത്തി. 195 പേരെയാണ് നഗരസഭയുടെയും കേരളാ പൊലീസിന്‍റെയും പുത്തരിക്കണ്ടം മൈതാനത്ത് താമസിപ്പിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ കാലാവധി കഴിയുന്നത് വരെ ഇവർക്ക് ആവശ്യ സൗകര്യങ്ങൾ നഗരസഭ ഒരുക്കും. വീടുകളിലേക്ക് തിരിച്ചുപോകാനാകാതെ നഗരത്തിൽ കുടുങ്ങിയവർ, യാചകർ, കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നവർ, ഇതര സംസ്ഥാനതൊഴിലാളികൾ തുടങ്ങിയവരെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് സംഘം ഇവർക്ക് പരിശോധനകൾ നടത്തി. ഇവര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു.
നഗരസഭയുടെ മൊബൈൽ ടോയ്‌ലറ്റും പുത്തരിക്കണ്ടം മൈതാനത്തോട് ചേർന്ന് മറ്റ് ടോയ്‌ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.ഇവര്‍ക്ക് ഭക്ഷണം, വസ്ത്രം, പുതപ്പ് എന്നിവ എത്തിച്ചുനല്‍കും. അതേസമയം ഭക്ഷണവിതരണത്തിനായി തൈക്കാട് മോഡൽ സ്കൂളിൽ സമൂഹ അടുക്കള ആരംഭിച്ചു. നഗരത്തിലെ പല ഭാഗങ്ങളിലായി നാനൂറോളം പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. ഇവർക്ക് തടസമില്ലാതെ ഭക്ഷണമെത്തിക്കാൻ കൂടുതൽ സമൂഹ അടുക്കളകൾ സജ്ജമാക്കും. 5,800 ഓളം പേരെ പാർപ്പിക്കാൻ നഗരത്തിലെ വിവിധ കേന്ദ്രങ്ങൾ സജ്ജമാക്കിയതായും മേയർ അറിയിച്ചു.